ചങ്ങനാശേരി : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിൽ കൂടെ ഉണ്ടായിരുന്ന യുവാവിന്റെ നിലഗുരുതരം. തിരുവല്ല ആലംതുരുത്ത് തൊഴുവത്തനാടി ചിറയിൽ ഷിബുവിന്റെ മകൻ വിഷ്ണു ഷിബു (22) ആണ് മരിച്ചത്. തിരുവല്ല ആലംതുരിത്തി കുമാരിഭവനിൽ ശരത് ശശിധരൻ (24) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എം സി റോഡിൽ ചങ്ങനാശേരി പെരുന്ന വില്ലേജ് ഓഫീസിനു സമീപം വെള്ളിയാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ചങ്ങനാശേരിയിൽ നിന്നു തിരുവല്ല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വിഷ്ണുവും ശരതും സഞ്ചരിച്ച ബൈക്ക് തിരുവല്ല ഭാഗത്തു നിന്നു വന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ വിഷ്ണു ആശുപത്രിയിലേക്കുകൊണ്ടു പോകവെ മരണമടയുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. കാറിന്റെ മുൻവശവും ബൈക്കും പൂർണമായും തകർന്നു. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. വിഷ്ണു ഷിബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. സംസ്‌കാരം തിങ്കളാഴ്ച 2ന് വീട്ടുവളപ്പിൽ. മാതാവ്, കനകമ്മ, സഹോദരി, ലക്ഷ്മി മോൾ.