തലയോലപ്പറമ്പ്: പൊതി സേവാഗ്രാമിൽ നിന്നും കാണാതായ രണ്ട് വിദ്യാർത്ഥിനികളിൽ ഒരാളെ പൊലീസ് കണ്ടെത്തി. മുണ്ടക്കയം കൂട്ടിക്കൽ ഏന്തയാർ ചാത്തൻ പ്ലാപ്പള്ളി മലയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ 30 ന് സ്‌കൂളിൽ പഠിക്കാൻ പോയ കോട്ടയം വെമ്പള്ളി സ്വദേശിനി 15 കാരിയെയും, തയ്യൽ പഠിക്കാൻ പോയ മുണ്ടക്കയം സ്വദേശിയായ 17 കാരിയെയുമാണ് കാണാതായത്. 17 കാരിയുടെ വീടിന് സമീപത്തുള്ള തോട്ടത്തിൽ നിന്നാണ് 15 കാരിയെ കണ്ടെത്തിയത്. 17 വയസ്സുകാരിക്കുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. 15 കാരിയെ വൈദ്യ പരിശോധന നടത്തി പാലാ കോടതിയിൽ ഹാജരാക്കിയ ശേഷം മഹിളാ മന്ദിരത്തിലേക്കു മാറ്റി. എറണാകുളത്തെ ജുവനൈൽ ഹോമിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളെ ഒരു മാസം മുൻപാണ് പൊതി സേവാഗ്രാമിലേക്കു മാറ്റിയത്. പഠിക്കാനായി 30 ന് രാവിലെ ഇറക്കിയ ഇവർ തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിനുള്ളിലെ ശുചിമുറിയിൽ എത്തി ഡ്രസ് മാറി ഉഴവൂർ ബസിൽ കയറി പോയതായും രണ്ടു ബാഗുകളും കൈവശം ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇടുക്കി, മുണ്ടക്കയം, വെമ്പള്ളി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വൈക്കം എ. എസ്. പി. അരവിന്ദ് സുകുമാർ തലയോലപ്പറമ്പ് എസ്.എച്ച്.ഒ ക്ലീറ്റസ്. കെ. ജോസഫ്, എസ്.ഐ ടി.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ ഉർജ്ജിതമായ അന്വേഷണം നടത്തിവരുന്നതിനിടെയാണ് 15 കാരിയെ കണ്ടെത്താനായത്. വിദ്യാർത്ഥിനികൾ ഒളിവിൽ പോയതിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല എന്നാണ് അറിവ്.