കോട്ടയം : ഹരിതനിയമം കർശനമാക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ബോധവത്കരണ കാമ്പയിന് തുടക്കമായി. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്ക് 'ഹരിത നിയമം ' സംബന്ധിച്ച അവബോധം നൽകുകയാണ് ആദ്യപടി. ഇതിനുള്ള ശില്പശാല ഇന്നലെ കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു.

2016 ലെ ഖരമാലിന്യ പരിപാലന നിയമത്തെ അധികരിച്ചാണ് പരിശീലനം. ഗ്രാമ പഞ്ചായത് പ്രസിഡന്റ്, സെക്രട്ടറി, നഗരസഭാ സെക്രട്ടറി, ചെയർമാൻ, അസി.സെക്രട്ടറി. ഹെൽത്ത് ഇൻസ്‌പെക്ടർ, നഗരസഭാ എച്ച്.എസ്, എച്ച്. ഐ., വ്യാപാരി വ്യവസായികൾ, പഞ്ചായത്തുതല റിസോഴ്സ് പേഴ്സൺ എന്നിവർക്കാണ് പരിശീലനം നൽകുന്നത്. പഞ്ചായത്ത് തലത്തിൽ രണ്ട് വാർഡിന് ഒരാൾ എന്ന ക്രമത്തിൽ റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെടുക്കും. ഇവർക്കുള്ള പരിശീലനം ബ്ലോക്കുതലത്തിലും മറ്റുള്ളവർക്ക് ജില്ലാതലത്തിലുമാണ് സംഘടിപ്പിക്കുന്നത്. പഞ്ചായത്ത്, നഗരകാര്യം, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് വിദഗ്ദ്ധർ ക്ലാസ് നയിക്കും.

ആദ്യഘട്ടമായി സംഘടിപ്പിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാർക്കുള്ള ശില്പശാല ഹരിതകേരളം മിഷൻ ജില്ലാ ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കില കോ-ഓർഡിനേറ്റർ എം. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ്തലംവരെയുള്ള ബോധവത്കരണം അടുത്തമാസം 15 ന് സമാപിക്കും.

കർമ്മപദ്ധതികൾ

 മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടികൾ

ഹരിതനിയമത്തിന് അനുസൃതമായ മാലിന്യനിർമ്മാർജനം

 തെറ്റായ മാലിന്യസംസ്‌കരണത്തനുള്ള പരിഹാര നടപടി

പരിശീലന കലണ്ടർ

6 ന് നഗരസഭാ സെക്രട്ടറി, ചെയർമാൻ

7, 8 അസി.സെക്രട്ടറി. ഹെൽത്ത് ഇൻസ്‌പെക്ടർ

12,13 നഗരസഭാ എച്ച്.എസ്, എച്ച്. ഐ.
12,13,14 വ്യാപാരികൾ, റിസോഴ്സ് പേഴ്സൺ

'ഹരിതനിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും 20 ലക്ഷം ആളുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി ബോധവത്കരണ കാമ്പയിനും നിയമം നടപ്പാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെയും സജ്ജമാക്കും'.

- പി. രമേശ് , ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ