പാലാ : ടൗൺ ബസ് സ്റ്റാൻഡിൽ വനിതാ പൊലീസിനും രക്ഷയില്ല. സ്റ്റാൻഡ് ഡ്യൂട്ടിക്കെത്തിയ പിങ്ക് പൊലീസിലെ വനിതാഉദ്യോഗസ്ഥയെ നൂറുകണക്കിനാളുകൾ നോക്കി നിൽക്കെ മദ്യപിച്ചെത്തിയ യുവാവ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് പിങ്ക് പൊലീസിനെ നിയോഗിക്കുകയായിരുന്നു.
സ്റ്റാൻഡിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലാണ് പിങ്ക് പൊലീസിന്റെ കാർ പാർക്ക് ചെയ്തത്. മദ്യപിച്ചെത്തിയ യുവാവ് പുറത്തിറങ്ങി നിന്ന വനിതാ പൊലീസുകാരേയും പിങ്ക് കാറിനേയും മൊബൈലിൽ ചിത്രീകരിക്കാൻ തുടങ്ങി. ആദ്യം വനിതാപൊലീസുകാർ ഇത് അവഗണിച്ചു. മുഖത്തോട് മൊബൈൽ ഫോൺ അടുപ്പിച്ച് 'ക്ലോസപ്പ് ഷോട്ട് ' എടുക്കാൻ തുടങ്ങിയതോടെ സഹികെട്ട വനിതാ പൊലീസുകാരിൽ ഒരാൾ ഇയാളുടെ കൈയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ചു. ഇതോടെ ഇയാൾ പൊലീസുകാരിയുടെ കൈയിൽ നിന്ന് ഫോൺ തട്ടിപ്പറിക്കാൻ തുടർച്ചയായി ശ്രമിച്ചു. ദേഹത്തു തൊടരുതെന്ന് വനിതാ പൊലീസ് ആവർത്തിച്ചു പറഞ്ഞെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല. ഇതിനിടെ പിങ്ക് പൊലീസ് എസ്.ഐ യുവാവിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചു. ഇതു കണ്ട ഇയാൾ 'ശരിക്കു നിന്നു തരാം നന്നായി ഫോട്ടോ എടുത്തു കൊള്ളാൻ ' പറഞ്ഞു.
ഒടുവിൽ പാലാ പൊലീസെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിനു മാത്രം കേസെടുത്ത് യുവാവിനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. ഫോട്ടോ എടുക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിൽ കേസെടുക്കേണ്ടെന്ന നിലപാടായിരുന്നു ഉന്നതഉദ്യോഗസ്ഥർ. വനിതാ പൊലീസുകാർക്ക് പരാതിയില്ലെന്ന തൊടുന്യായമാണ് അവർ മുന്നോട്ടുവച്ചത്.
വകുപ്പുതല അന്വേഷണം തുടങ്ങി
സമീപത്തെ വ്യാപാരികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർക്ക് കൈമാറി. ഇത് ഡി.ജി.പി, ഡി.ഐ.ജി, എസ്.പി ഉൾപ്പെടെയുള്ളവർക്ക് അയച്ചുകൊടുത്തു. വനിതാപൊലീസിനെ പരസ്യമായി അപമാനിച്ചയാളെ നിസാര വകുപ്പ് ചാർത്തി ജാമ്യത്തിൽ വിട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ താവളം
സ്ത്രീകളടക്കമുള്ള യാത്രക്കാർ ഭീതിയിൽ
സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ പൊലീസില്ല
നടപടി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി
ചെയർപേഴ്സണിന്റെ നിർദ്ദേശവും അവഗണിച്ചു