കോട്ടയം: ഐഡ ജംഗ്ഷനിലെ അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തിട്ടും നിലംപൊത്തിയ ദിശാസൂചകത്തിന് ശാപമോക്ഷമായില്ല. ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുംവിധം അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതും, ബോർഡിൽ നിന്ന് ഇളകിമാറിയ ദിശാസൂചകം റോഡരുകിൽ ചാരിവച്ചിരിക്കുന്നതും സംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് ചില സംഘടനകളുടെ ഫ്ലക്സ് ബോർഡുകൾ അധികൃതർ നീക്കംചെയ്തിരുന്നു. എന്നാൽ ഇതോടൊപ്പമുള്ള ഒരു സംഘടനയുടെ പതാകകൾ അതേപടി നിലനിറുത്തുകയും ചെയ്തു. നിലത്ത് ചാരിവച്ചിരിക്കുന്ന വൺവേ മുന്നറിയിപ്പ് ബോർഡ് യഥാസ്ഥാനത്ത് പുനസ്ഥാപിച്ചുമില്ല.
അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനൊപ്പം ദിശാസൂചകം പുനസ്ഥാപിക്കുകയെന്നതും ശക്തമായ ആവശ്യമാണ്. ചങ്ങനാശേരി ഭാഗത്തുനിന്ന് എം.സി റോഡിലൂടെ വരുന്ന സ്വകാര്യ വാഹനങ്ങൾ വഴിതെറ്റി ടി.ബി. റോഡിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനാണ് വൺവേ മുന്നറിയിപ്പ് സ്ഥാപിച്ചത്. സ്ഥലം പരിചയമുള്ളവർക്ക് ഇത് വൺവേ ആണെന്ന് അറിയാമെങ്കിലും ഗൂഗിൾ മാപ്പ് പിന്തുടർന്ന് വരുന്ന ഡ്രൈവർമാർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. കെ.എസ്.ആർ.ടി. ഡിപ്പോഭാഗത്തുനിന്ന് വൺവേയിലൂടെ രണ്ടുവരിയായി വരുന്ന വാഹനങ്ങൾക്കുമുമ്പിലേക്ക് എം.സി റോഡിൽ നിന്ന് ദിശതെറ്റിയെത്തുന്നത് പലപ്പോഴും അപകട കാരണമാകുന്നുണ്ട്. തലനാരിഴയ്ക്ക് അപകടം ഒഴിവായ നിരവധി സംഭവങ്ങളുമുണ്ട്.
വാഹനം ഓടിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങൾക്ക് കനത്തപിഴ ഈടാക്കുമ്പോഴാണ് അധികൃതരുടെ ഭാഗത്തെ വീഴ്ചകൾ കണ്ടില്ലെന്ന് നടിക്കുന്നത്. ഇന്നുമുതൽ നിരത്തുകളിൽ വാഹനപരിശോധന കർശനമാക്കാനിരിക്കെയാണ് റോഡിന്റെ അപാകതകളും സിഗ്നലുകളുടെ തകരാറും പരിഹരിക്കാൻ ബന്ധപ്പെട്ടവർ വിമുഖതകാട്ടുന്നുവെന്നതും ശ്രദ്ധേയമാണ്.