വൈക്കം: ശ്രീകൃഷ്ണ സ്തുതിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന്റെ മാതൃസംഗമത്തിന് തുടക്കമായി. പ്രശസ്ത കർണ്ണാടക സംഗീതജ്ഞ മാതംഗീ സത്യമൂർത്തി ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളേയും ഏകോപിപ്പിച്ച് ദേശത്തിന്റെ നന്മയ്ക്കായി നടക്കുന്ന മഹാസംരംഭത്തിന്റെ വിജയത്തിനായി ഒന്നിച്ചു നിൽക്കണമെന്നും മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഈ കാലത്ത് ഭാഗവത സത്രം പോലുളള കൂട്ടായ്മകൾ നമ്മിലെ നന്മകൾ തിരിച്ചറിയാൻ അവസരം നൽകുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സി.കെ ആശ എം.എൽ.എ പറഞ്ഞു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രത്‌നശ്രീ അയ്യരെ മാതൃസംഗമത്തിൽ അനുമോദിച്ചു. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ സുലോചന കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ടി. ഗീത, പ്രൊഫ. കെ. എസ്. ഇന്ദു, ബീന അശോകൻ, പി.ആർ. ബിജി, ശകുന്തള രാജു, ഇന്ദിരാ ദേവി അന്തർജനം, സത്രനിർവഹണ സമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ചീഫ് കോ-ഓർഡിനേറ്റർ പി.വി. ബിനേഷ്, ജനറൽ കൺവീനർ രാഗേഷ് ടി. നായർ, സത്രസമിതി ജനറൽ സെക്രട്ടറി ടി. ജി. പത്മനാഭൻ നായർ, ടി. നന്ദകുമാർ, ടി. അംബുജാക്ഷൻ നായർ, ജി. സോമകുമാർ, എസ്. ശ്രീനി എന്നിവർ പങ്കെടുത്തു. ഷീജാ സാബു സ്വാഗതവും ശ്രീലേഖ മണിലാൽ നന്ദിയും പറഞ്ഞു.