കോട്ടയം: തിരുനക്കരയിൽ സാമൂഹ്യ വിരുദ്ധർ തമ്മിൽ ഏറ്റുമുട്ടുകയും, ഒരാൾക്ക് കുത്ത് ഏൽക്കുകയും ചെയ്‌തതോടെ നഗരം ക്ലീനാക്കാൻ ഊർജ്ജിത ശ്രമവുമായി രംഗത്തിറങ്ങിയപ്പോൾ നഗരത്തിൽ പതിവായി കാണപ്പെടുന്ന സാമൂഹ്യവിരുദ്ധ സംഘം അപ്രത്യക്ഷരായി. ഞായറാഴ്‌ചയായിട്ട് പോലും നഗരത്തിൽ അലഞ്ഞു തിരിയുന്ന സംഘത്തെ ഇന്നലെ നഗരത്തിൽ കാണാനുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ തമിഴ്‌നാട് സ്വദേശിയായ ചെരുപ്പ് കുത്തിയ്‌ക്ക് കുത്തേറ്റത്തിനു പിന്നാലെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് നഗരത്തിൽ അക്രമപ്രവർത്തനങ്ങൾ തടയാൻ പൊലീസിനു സാധിച്ചത്.

ശനിയാഴ്‌ച രാത്രി എട്ടരയോടെ തിരുനക്കര ക്ഷേത്രത്തിനു സമീപത്ത് തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കടത്തിണ്ണയിൽകിടക്കുന്നതിനെച്ചൊല്ലിയാണ് ചെരുപ്പ് കുത്തിയും, കെട്ടിട നിർമ്മാണ തൊഴിലാളിയും നഗരത്തിൽ ഏറ്റുമുട്ടിയത്. തർക്കത്തിനിടെ കുത്തേറ്റ തമിഴ്നാട് സ്വദേശിയും ചെരുപ്പ് കുത്തിയുമായ രാജേന്ദ്രനെ (52) ആശുപത്രിയിൽ നിന്നും വിട്ടയച്ചു. മേസ്‌തിരിപ്പണിക്കാരനായ കുമാറിനെ (30) പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയാണ്. ഇതു കൂടാതെ കഴിഞ്ഞ ദിവസം മദ്യ ലഹരിയിൽ പൊലീസിനെ ആക്രമിച്ച മണർകാട് സ്വദേശിയെയും പിടികൂടിയിരുന്നു. ഇതോടെയാണ് പൊലീസ് നഗരത്തിൽ പരിശോധന ശക്തമാക്കിയത്. രാത്രിയിൽ നഗരത്തിൽ പരിശോധന നടത്തിയ പൊലീസ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയെല്ലാം നാടുകടത്തി. മതിയായ കാരണമില്ലാതെ നഗരത്തിൽ സ്ഥിരമായി കറങ്ങി നടക്കുന്നവരുടെ പട്ടിക പൊലീസിന്റെ പക്കലുണ്ടായിരുന്നു. ഇവരെയാണ് കണ്ടെത്തി നാട് കടത്തിയത്. രാത്രിയിൽ കടത്തിണ്ണകളിലും, തിരുനക്കര മൈതാനത്തും കിടന്നുറങ്ങിയ ഓരോരുത്തെരെയും പിടികൂടിയ ശേഷം കേസ് എടുക്കുമെന്ന് അറിയിച്ചു. ഇതോടെ പലരും സ്വയം സ്ഥലം വിടുകയായിരുന്നു.

സ്ഥിരം പ്രശ്‌നക്കാർ

അൻപതിലേറെ

നഗരത്തിൽ സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്നവർ അൻപതിലേറെ ആളുകളുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. നഗരത്തിലെ കടത്തിണ്ണകളിൽ ഇരുനൂറിലേറെ ആളുകൾ കിടന്നുറങ്ങുന്നുണ്ടെങ്കിലും മോഷണം അടക്കമുള്ള കേസുകളിൽ പ്രതിയായവർ അൻപതിലേറെയുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. എന്നാൽ, ഇവരിൽ പലരും കേസുകളിൽ ജാമ്യം എടുത്ത് പുറത്തിറങ്ങി നടക്കുന്നവർ അടക്കമുള്ളവരാണ്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസിനും പലപ്പോഴും സാധിക്കാറില്ല.