കുറവിലങ്ങാട് : പഞ്ചായത്ത് ബസ് സ്റ്റാൻഡിലേയ്ക്ക് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ തോന്നുംപോലെ പ്രവേശിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ മുൻഭാഗത്ത് കൂടിയാണ് സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കേണ്ടത്. പാലാ , കൂത്താട്ടുകുളം, ഞീഴൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ഇറങ്ങി പോകേണ്ടത് മുട്ടുങ്കൽ ജംഗ്ഷൻ വഴിയും. എന്നാൽ പല സമയത്തും കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ളവ സ്റ്റാൻഡിലേക്ക് കയറുന്നത് മുട്ടുങ്കൽ ജംഗ്ഷനിലൂടെയാണ് . ഈ ഭാഗത്ത് റോഡിന് താരതമ്യേന വീതിയും കുറവാണ്. ഈ വഴി ബസുകൾ സ്റ്റാൻഡിലേക്ക് കയറുമ്പോൾ സ്റ്റാൻഡിൽ നിന്ന് വേറൊരു ബസ് ഇറങ്ങി വന്നാൽ ഈ ബസുകൾക്ക് പിന്നിലേക്ക് പോവേണ്ട സ്ഥിതിയാണ്. ഇത് മൂലം ഭാഗത്ത് ചെറയ തോതിലെങ്കിലും ഗതാഗത കുരുക്കും ഉണ്ടാവുന്നുണ്ട്. ഇതുമൂലം കാൽനട-വാഹന യാത്രികർ ഏറെ വലയുന്നു. ബസുകളുടെ തോന്നുംപടിയുള്ള സഞ്ചാരം നിയന്ത്രിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നുണ്ട്.