വൈക്കം: രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങൾ. ഉറച്ച നിലപാടുകൾ. എത് പ്രതിസന്ധിക്ക് മുൻപിലും പതറാതെ തലയുയർത്തി നിൽക്കാനുള്ള ചങ്കൂറ്റം. ഇതെല്ലാമാണ് വൈക്കത്തെ മറ്റ് നേതാക്കളിൽ നിന്ന് അഡ്വ. വി.വി.സത്യനെ വേറിട്ട് നിറുത്തിയിരുന്നത്. അതുകൊണ്ടുതന്നെ ആർക്കും എപ്പോഴും എന്തിനും സമീപിക്കാവുന്ന ജനനേതാവിനെയാണ് ഇന്നലെ അപ്രതീക്ഷിതമായി വൈക്കത്തിന് നഷ്ടമായത്.
അഡ്വ.വി.വി. സത്യനെന്ന നേതാവിന്റെ കരളുറപ്പ് വൈക്കം പലകുറി കണ്ടറിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥി നേതാവായിരുപ്പോൾ, പിന്നീട് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ അമരക്കാരനായി സെമിത്തേരി സമരത്തിന് നേതൃത്വം കൊടുത്തപ്പോൾ... വി.വി. സത്യന്റെ നേതൃപാടവവും മനക്കരുത്തും പലപ്പോഴായി നാടും നാട്ടാരും അനുഭവിച്ചറിഞ്ഞു. രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനും വി.വി.സത്യൻ എന്നും ശ്രദ്ധിച്ചിരുന്നു. ക്ഷേത്ര നഗരിയുടെ സായന്തനങ്ങളിൽ നഗരഹൃദയം സത്യന്റെ സൗഹൃദത്തിന്റെ ആർദ്രത അറിഞ്ഞിട്ടുണ്ട്. പടിഞ്ഞാറെ നട റോഡിലൂടെ വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്ന സത്യന്റെ തലയെടുപ്പും ചിരിക്കുന്ന മുഖവും സൗഹൃദഭാവവും അടുത്തറിഞ്ഞവരാണ് നഗരവാസികൾ.
നഗരസഭ പ്രതിപക്ഷ നേതാവെന്ന നിലയിലും തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചു. എന്തിനെയും രാഷ്ട്രീയമായി കണ്ട് എതിർക്കുന്നതിന് പകരം നല്ലത് അംഗീകരിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് വി.വി.സത്യനെന്ന വ്യത്യസ്തനായ നേതാവിന്റെ പ്രത്യേകതയായിരുന്നു.
അഭിഭാഷകനെന്ന നിലയിലും വി.വി.സത്യൻ വ്യക്തിമുദ പതിപ്പിച്ചിരുന്നു.
കക്ഷിരാഷ്ട്രീയത്തിനതീതമായി സൗഹൃദ്ദം പുലർത്തി: പി. ശശിധരൻ
വൈക്കം: നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്റെ ആകസ്മികമായ വേർപാടിൽ നഗരസഭാ ചെയർമാൻ പി.ശശിധരൻ അനുശോചിച്ചു. ഭരണപ്രതിപക്ഷം എന്ന വ്യത്യാസം കൂടാതെ വൈക്കം നഗരത്തിന്റെ സമഗ്ര വികസനത്തിന് നഗരസഭാ കൗൺസിൽ എടുക്കുന്ന തീരുമാനത്തോടൊപ്പമായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്ന അഡ്വ. വി.വി സത്യന്റെ വേർപാട് നഗരസഭാ കൗൺസിലിന് തീരാനഷ്ടമാണെന്നു ചെയർമാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സത്യൻ തിളക്കമാർന്ന വ്യക്തിത്വത്തിനുടമ: വയലാർ രവി
വൈക്കം:പൊതുപ്രവർത്തന രംഗത്തും തന്റെ പ്രൊഫഷനിലും ഒരു പോലെ ശോഭിച്ച സത്യന്റെ വേർപാട് നാടിനു തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി എംപി അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു.
എല്ലാ രംഗങ്ങളിലും തന്റേതായ അഭിപ്രായം തുറന്നു പ്രകടിപ്പിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന തിളക്കമാർന്ന വ്യക്തിത്വമായിരുന്നു സത്യന്റേത് .സഹോദരതുല്യനായ സത്യന്റെ വേർപാട് വളരെയധികം വേദനാജനകമാണെന്നും വയലാർ രവി അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
പൊതുദർശനത്തിന് വയ്ക്കും
രാവിലെ 10 ന് വൈക്കം ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് മുന്നിലും, 10.30 ന് വൈക്കം ബാർ അസോസിയേഷൻ ഹാൾ,11 ന് നഗരസഭ ഓഫീസ് കവാടം, ഉച്ചയ്ക്ക് 12ന് ആശ്രമം സ്‌കൂൾ എന്നിവിടങ്ങളിൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. വൈകിട്ട് 5.30ന് പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം അനുശോചന യോഗം ചേരും.