ചങ്ങനാശേരി: തളർവാതം പിടിപെട്ടതിനെ തുടർന്ന് കുടുംബം പോറ്റുന്നതിനും ചികിത്സ ചിലവിനുമായി മോട്ടോർ ഘടിപ്പിച്ച നാലു ചക്ര വണ്ടിയിൽ ലോട്ടറിവില്പന നടത്തിവന്ന യുവാവിൽ നിന്നും ലോട്ടറിയടക്കം 5,000 രൂപ തട്ടിയെടുത്തു. തൃക്കൊടിത്താനം നാൽക്കവല വടക്കേമാടപ്പാട്ട് സുഭാഷ്‌കുമാറിൽ നിന്നാണ് പണം അപഹരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തൃക്കൊടിത്താനം മുക്കാട്ടുപടിയിൽ ടിക്കറ്റ് വിൽപന നടത്തി വരുന്നതിനിടയിൽ രാവിലെ രണ്ട് പേർ കുന്നുംപുറം ഭാഗത്ത് നിന്നും ഇതുവഴിയെത്തുകയും ബൈക്ക് അല്പം മാറ്റി വച്ചിട്ട് സുഭാഷിന്റെ അടുക്കലേക്ക് നടന്നു വന്ന് വിൻ വിൻ ടിക്കറ്റിന്റെ അവസാന നമ്പരുകൾക്ക് 5000 രൂപ സമ്മാനം ലഭിച്ചതായും മാറിയെടുക്കാൻ വന്നതാണന്ന് അറിയിക്കുകയും ചെയ്തു. ടിക്കറ്റ് വാങ്ങി പരിശോധിച്ച സുഭാഷ് സമ്മാനർഹമായ ടിക്കറ്റെന്ന് തെറ്റിദ്ധരിച്ച് വാങ്ങി. 30 രൂപ വിലയുള്ള 900 രൂപയുടെ പുതിയ ടിക്കറ്റും ബാക്കി 4100രൂപയും വാങ്ങി രണ്ടു പേരും സ്ഥലം വിടുകയും ചെയ്തു. തളർവാത ചികിത്സയുടെ തുടർ പരിശോധനക്കായി സുഭാഷ് കോട്ടയം മെഡിക്കൽ കോളേജിൽ പോകാൻ കരുതി വച്ചിരുന്ന രൂപയാണ് കൊടുത്തത്. പിന്നീട് ചങ്ങനാശേരിയിലെ ഏജൻസിയിൽ എത്തിയപ്പോഴാണ് താൻ തട്ടിപ്പിനിരയായതായി സുഭാഷിന് മനസിലായത്. സമ്മാനർഹമായ ടിക്കറ്റ് എന്ന നിലയിൽ നല്കിയത് അവസാന അക്കം ചുരണ്ടിയ ടിക്കറ്റായിരുന്നു. ലോട്ടറിയിലെ എട്ട് എന്ന അവസാന അക്കം ചുരണ്ടി മൂന്നാക്കിയാണ് തട്ടിപ്പുസംഘം ഇദ്ദേഹത്തെ പറ്റിച്ചത്. സുഭാഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.