കോട്ടയം: കഞ്ഞിക്കുഴിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസുമായി കയ്യേറ്റവും അതിക്രമവും. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടവാതൂർ സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ രഘുലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ഞിക്കുഴി ജി മാർട്ടിലെ ജീവനക്കാരി മാലം കരോട്ട്‌പോത്താനിക്കലിൽ വത്സമ്മയെയാണ് (64) ഇന്നലെ രാത്രി എട്ടരയോടെ വടവാതൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് ഇടിച്ചത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെ കഞ്ഞിക്കുഴി ജിമാർട്ടിന് മുന്നിലായിരുന്നു സംഭവം. ജോലിയ്ക്ക് ശേഷം പുറത്തേയ്ക്കിറങ്ങിയ ഇവരെ വടവാതൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വത്സമ്മ റോഡിൽ തെറിച്ചു വീണു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഉടൻ തന്നെ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. വത്സമ്മയെ ഇതുവഴി എത്തിയ ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന രഘുലാലിനും പരിക്കേറ്റിരുന്നു. രഘുലാലിനെ പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മദ്യലഹരിയിലായിരുന്ന രഘുലാൽ തനിക്ക് വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിൽ ബഹളം വച്ചു. തുടർന്ന് തടയാനെത്തിയ പൊലീസുകാരനെ ആക്രമിക്കുകയും, യൂണിഫോം വലിച്ച് കീറാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തി ബലപ്രയോഗത്തിലൂടെ രഘുലാലിനെ കീഴ്‌പ്പെടുത്തി. തുടർന്ന് ഇയാളെ സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു. പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ റെയിൽവേ സ്റ്റേഷനു സമീപത്ത് ഹോട്ടലിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച കേസിലെ പ്രതിയാണ് പിടിയിലായ രഘുലാൽ.