കോട്ടയം: പശുക്കളെ വളർത്തി അതിൽ നിന്നുള്ള വരുമാനം കൊണ്ട് കുടുംബം പുലർത്തിയിരുന്നവർ ഇന്ന് തികഞ്ഞ ദുരിതത്തിലാണ്. ക്ഷീരകർഷകർക്ക് പറയാൻ ഇന്ന് നഷ്ടത്തിന്റെ കഥകൾ മാത്രം. ക്ഷീരമേഖലയിൽ ഉണർവുണ്ടാകുമ്പോഴും കർഷകർ പ്രതിസന്ധിയിലാണ്. പാലിനും പാലുൽപന്നങ്ങൾക്കും മാത്രമല്ല ചാണകത്തിനും ഗോമൂത്രത്തിനും പോലും വിപണിയിൽ വൻ ഡിമാൻഡാണ്. എന്നാൽ ക്ഷീരകർഷകർക്ക് മാത്രം അതില്ല. കാഞ്ഞിരപ്പള്ളി,കടുത്തുരുത്തി,മുണ്ടക്കയം, വൈക്കം, കുറുവിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയിൽ കൂടുതലായി ക്ഷീരകർഷകരുള്ളത്.
കാലിത്തീറ്റയ്ക്ക് ക്രമാതീതമായി വിലയുയർന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. പ്രളയത്തിൽ കൃഷിയിടവും വിളകളും നഷ്ടപ്പെട്ട പല കർഷകരും കാലിവളർത്തലിൽ അഭയം തേടിയെങ്കിലും ഫലം നിരാശയായിരുന്നു. വേനൽക്കാലത്ത് മുൻകാലങ്ങളിലെന്നപോലെ പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കാലിത്തീറ്റവില ഉയരുകയാണ്. കാലിത്തീറ്റയുടെ 50 കിലോ പായ്ക്കറ്റിന് ഏറ്റവുമൊടുവിൽ 1120 രൂപ , 1150 രൂപ എന്ന തരത്തിലാണ് വില ഉയർന്നത്. വില വർദ്ധനയ്ക്ക് കാരണം തവിട് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം വില വർദ്ധിച്ചത് 35 ശതമാനം. കാലിത്തീറ്റയിലെ ചേരുവകളിൽ 65 ശതമാനവും എണ്ണ നീക്കിയ തവിടാണ്. എട്ട് ശതമാനം ചോളം, തേങ്ങാപ്പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക് എന്നിങ്ങനെയാണ്. ഡീസൽ വില വർദ്ധിച്ചതോടെ ഗതാഗത കൂലിയും കൂടി.
കാരണങ്ങൾ
തീറ്റപ്പുൽ കിട്ടാനില്ല
തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോൽ
ഇറക്കുമതി കുറഞ്ഞു
ഉത്പാദന ക്ഷമത കൂടിയ ഇനം കാലികളുടെ
ലഭ്യതക്കുറവ്
കുളമ്പുരോഗം,അകിടുചീയൽ തുടങ്ങിയവയുടെ
പ്രതിരോധ കുത്തിവയ്പ്പിലെ അജ്ഞത
സംയോജിത ഡയറി ഫാമുകളുടെ അഭാവം
ശാസ്ത്രീയമായ പരിപാലനരീതിയുടെ അഭാവം.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ വ്യാജപ്പാൽ