രണ്ടാഴ്ച നീണ്ട പരീശീലനം വ്യാഴാഴ്ച സമാപിക്കും
കോട്ടയം: നെഹ്റു ട്രോഫി ലക്ഷ്യമാക്കി കുമരകം തുഴ മുറുക്കുകയാണ്. ഇനി പരിശീലനം മൂന്നേ മൂന്ന് നാൾ മാത്രം. ഓളപ്പരപ്പിൽ അവസാനഘട്ട തന്ത്രങ്ങൾ മെനയുകയാണ് ബോട്ട് ക്ലബുകൾ. രണ്ടാഴ്ച നീണ്ട പരീശീലനം വ്യാഴാഴ്ച സമാപിക്കും. കുമരകത്ത് നിന്ന് നെഹ്രു ട്രോഫിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾ മുത്തേരിമടയിൽ ഞായറാഴ്ച ഒന്നിച്ച് പരിശീലനം നടത്തിയിരുന്നു. ആയിരക്കണക്കിന് ജലോത്സവപ്രേമികളുടെ ആരവങ്ങൾ ഏറ്റുവാങ്ങിയായിരുന്നു പരിശീലനം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വള്ളങ്ങൾ കരയ്ക്ക് കയറ്റും. വള്ളത്തിലെ ജലാംശം മുഴുവൻ നീക്കിയ ശേഷം പോളീഷ് തേച്ച് വള്ളങ്ങൾ മത്സരത്തിനായി ഒരുക്കും. വെള്ളിയാഴ്ച തുഴച്ചിൽക്കാർക്ക് വിശ്രമദിനമാണ്. ആരാധനാലയങ്ങളിലെ വഴിപാടുകൾക്ക് ശേഷം ശനിയാഴ്ച പുലർച്ചെ ബോട്ട് ക്ലബ് ഭാരവാഹികളും തുഴച്ചിൽക്കാരും ആലപ്പുഴ പുന്നമടയിലേക്ക് യാത്രതിരിക്കും. കുമരകത്തെ നാല് ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ ആറ് ചുണ്ടൻവള്ളങ്ങളാണ് ഇത്തവണ ജില്ലയിൽ നിന്ന് മാറ്റുരയ്ക്കുന്നത്. വേമ്പനാട് ബോട്ട് ക്ലബിന്റെ വീയപുരം, വേമ്പനാട് ജൂനിയർ ബോട്ട് ക്ലബിന്റെ കരുവാറ്റ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ, എൻ.സി.ഡി.സി ബോട്ട് ക്ലബിന്റെ ദേവസ്, ആർപ്പൂക്കര നവജീവൻ ബോട്ട് ക്ലബിന്റെ ജവഹർ തായങ്കരി, കുമരകം ബോട്ട് ക്ലബും കൊല്ലം സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബും സംയുക്തമായി മത്സരിക്കുന്ന മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ എന്നീ ചൂണ്ടൻ വള്ളങ്ങളാണ് കോട്ടയത്തെ പ്രതിനിധീകരിച്ച് നെഹ്രു ട്രോഫിയിൽ മത്സരിക്കുന്നത്. വീയപുരം, പായിപ്പാടൻ, ദേവസ്, മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ എന്നിവ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിലും മാറ്റുരയ്ക്കും.
പുന്നമടയിൽ
പടയൊരുക്കം
നെഹ്രു ട്രോഫിക്ക് വേദിയാകുന്ന പുന്നമട കായലിലും ചുണ്ടൻവള്ളങ്ങളും ചെറുവള്ളങ്ങളും തീവ്രപരിശീലനത്തിലാണ്. നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ് എടത്വ, പുന്നമട ബോട്ട് ക്ലബ് എന്നിവ പുന്നമടകായലിലെ ട്രാക്കിലാണ് പരീശീലനം നടത്തുന്നത്. വരുംദിവസങ്ങളിൽ കുട്ടനാട്ടിലെ പ്രമുഖ ക്ലബായ യു.ബി.സി കൈനകരി ഉൾപ്പെടെയുള്ളവയും പുന്നമടയിൽ പരിശീലനത്തിന് എത്താൻ സാധ്യതയുണ്ട്.