പൊൻകുന്നം: സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ കയറിവരാം ഈ പൊലീസ് സ്റ്റേഷനിലേക്ക്. അവർക്ക് എന്തു സഹായം ചെയ്തുകൊടുക്കാനും ഒരുക്കമായി കാത്തുനിൽക്കുകയാണ് പൊലീസ്...പൊൻകുന്നം പൊലീസ് സ്റ്റേഷൻ ഇനിമുതൽ ശിശുവനിതാ സൗഹൃദപൊലീസ് സ്റ്റേഷനാവുകയാണ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് യാത്രക്കിടയിൽ ഒന്നു വിശ്രമിക്കാൻ, കുഞ്ഞിനു മുലപ്പാലൂട്ടാൻ, കുട്ടിയെ ഉറക്കാൻ മടികൂടാതെ കടന്നുവരാം. സുരക്ഷയൊരുക്കാൻ ശിശുവനിതാമന്ദിരം ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസ് വഴി നിർവഹിക്കും.
ആദ്യത്തെ ശിശുവനിതാ സൗഹൃദ പൊലീസ് സ്റ്റേഷനായ കടവന്ത്ര സ്റ്റേഷനു പുറമെ സംസ്ഥാനത്തെ അഞ്ചു പൊലീസ് സ്റ്റേഷനുകളാണ് ശിശുവനിതാസൗഹൃദമാക്കുന്നത് അതിലൊന്നാണ് പൊൻകുന്നം സ്റ്റേഷൻ. ഇതിനായി അഞ്ചുലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ മന്ദിരത്തിൽ തൊട്ടിൽ ,കിടക്ക ,ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പരാതി നൽകാനും ആശങ്കകൂടാതെ ഇവിടേക്ക് വരാം സഹായത്തിന് പൊലീസുണ്ടാകും.