കോട്ടയം: സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെന്റിൽ ജില്ലയ്‌ക്ക് അഭിമാന നേട്ടം. തുടർച്ചയായ ആറാം വട്ടവും ടൂർണമെന്റിന്റെ ഫൈനലിൽ കോട്ടയം കടന്നു. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ ഇടുക്കിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ജില്ലാ ഫൈനലിൽ ഇടം നേടിയത്. അഖിൽ ജെ.ചന്ദ്രനും, മുഹമ്മദ് സലീമുമാണ് കോട്ടയത്തിനു വേണ്ടി ഗോളുകൾ നേടിയത്. ഗോൾ കീപ്പർ കണ്ണൻ രാജുവിന്റെ തകർപ്പൻ സേവുകളും കേരളത്തിന് വിജയം നൽകുന്നതിൽ നിർണ്ണായകമായി മാറി. ഹാരിസ് റെഹ്‌മാനാണ് ടീമിന്റെ ക്യാപ്റ്റൻ. പി.ആർ രാജു കോച്ചും, എസ്.അച്ചു മാനേജരുമാണ്.
നേരത്തെ രണ്ടു തവണ ടൂർണമെന്റിൽ ജേതാക്കളായ കോട്ടയം മൂന്നു തവണ റണ്ണേഴ്‌സ് അപ്പും ആയിട്ടുണ്ട്. എറണാകുളം പനമ്പള്ളി നഗറിലെ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. നാളെ നടക്കുന്ന തൃശൂർ - പാലക്കാട് രണ്ടാം സെമി മത്സര വിജയികളെയാണ് കോട്ടയം ഫൈനലിൽ നേരിടുക.