കോട്ടയം: വിലയിടിവിൽ റബർ കർഷകർ താടിക്ക് കൈ കൊടുത്തിരിക്കുമ്പോൾ റെക്കാഡ് വില കിട്ടിയ ഏലം കർഷകർ ചിരിക്കുന്നു. ഇഞ്ചി കൃഷിക്കാർക്കും നല്ലകാലം.
റബർ വില 146ലേയ്ക്ക് നിലം പൊത്തിയത് കർഷകർക്ക് തിരിച്ചടിയായി. 158 രൂപ വരെ ഉയർന്ന ശേഷമായിരുന്നു ഈ വിലയിടിവ്. ഇഞ്ചിവില 200 വരെ എത്തി റെക്കാഡിട്ട ശേഷം അൽപ്പം താഴ്ന്നു.
ഒരു മാസത്തിനുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ റബർ വില കിലോയ്ക്ക് മുപ്പത് രൂപയോളം കുറഞ്ഞു. ഇതോടെ ആഭ്യന്തരവിലയും ഇടിയും . വേനലിൽ മിക്കവരും ടാപ്പിംഗ് നിറുത്തിയിരുന്നു. റെയിൻഗാർഡ് സ്ഥാപിച്ച് ടാപ്പിംഗ് നടത്തിയാൽ ചെലവ് കാശുപോലും കിട്ടാത്തതിനാൽ മഴയത്തും ടാപ്പിംഗ് കുറഞ്ഞു. ഡിമാൻഡുമില്ല വിലയുമില്ല എന്ന ഗുരുതര സ്ഥിതിയിലാണ് റബർ. പിന്നെങ്ങനെ കർഷകർ തലയിൽ കൈവയ്ക്കാതിരിക്കും?
റബർ കൃഷി ഉപേക്ഷിച്ച് പലരും റെമ്പൂട്ടാനിലേക്കും പ്ലാവിലേയ്ക്കും തിരിഞ്ഞു. റബർ നഴ്സറിയെയും ഇത് ഗുരുതരമായി ബാധിച്ചു. റബർതൈയ്ക്ക് വിൽപ്പന കുറഞ്ഞതോടെ നഴ്സറികളിൽ പ്ലാവിൻതൈയും റമ്പൂട്ടാൻ തൈയുമാണ് കൂടുതൽ വിറ്റുപോകുന്നത്.
ഏലക്കയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് കിലോയ്ക്ക് 7000 രൂപ. ശരാശരി വില 4655ലും എത്തി. പ്രളയവും വേനലും ചേർന്ന കാലാവസ്ഥാ വ്യതിയാനം ഏലകൃഷിയെ ദോഷമായി ബാധിച്ചു. ഉത്പാദനം കുറഞ്ഞത് വിലവർദ്ധനവിന് കാരണമായെങ്കിലും ഇതിന്റെ പ്രയോജനം സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്കാണ് .
കഴിഞ്ഞ വർഷം ഇഞ്ചിവില കുത്തനെ ഇടിഞ്ഞതിനാൽ കർഷകർ ഇഞ്ചി കൃഷി ഉപേക്ഷിച്ചു. ആവശ്യത്തിന് സാധനമില്ലാതായതാണ് ഇത്തവണ വില ഉയരാൻ ഇടയാക്കിയത്. വർഷങ്ങളായി പ്രതിസന്ധി നേരിട്ടിരുന്ന ഇഞ്ചിക്കർഷകർക്ക് വിലവർദ്ധന ആശ്വാസമാവുകയാണ്.
കർഷകരായിട്ട് റബർതൈകൾ വാങ്ങുന്നില്ല. റബർതോട്ടം പാട്ടത്തിനെടുക്കുന്ന കൈതകൃഷിക്കാരാണ് ഇപ്പോൾ റബർ തൈകൾ കൂടുതലായി വാങ്ങുന്നത്. കൈതകൃഷി നടത്തുന്നതിനൊപ്പം റബറും വച്ചുകൊടുക്കും. തോട്ടഉടമകൾക്ക് റബർ വച്ചു കിട്ടുമെന്നതിനാൽ പാട്ടം കൊടുക്കില്ല. റമ്പൂട്ടാനും പ്ലാവിൻ തൈക്കും നല്ല വിൽപ്പനയുണ്ട്.
ജോബിൻ ജോർജ്
കണിയാമ്പുറത്ത് നഴ്സറി, ഭരണങ്ങാനം