കുറവിലങ്ങാട് : എം.സി റോഡിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിരവധിയുണ്ട്. പക്ഷെ രാത്രിയിൽ ബസ് കാത്തിരിക്കണേൽ ടോർച്ച് കൂടി കൈയിൽ കരു
തണം. ഭീതികാരണം സ്ത്രീകളടക്കമുള്ള യാത്രക്കാർ കാത്തിരിപ്പ് കേന്ദ്രങ്ങളെ കൈയൊഴിയുകയാണ്. സമീപത്തെ കടത്തിണ്ണകളാണ് ഏക ആശ്രയം. രാത്രി 9 കഴിഞ്ഞാൽ കടകളും അടയ്ക്കും. പിന്നെയെന്ത് എന്ന ചോദ്യത്തിന് ഉത്തരം തരാൻ അധികൃതർക്കുമാകുന്നില്ല.
മൂന്ന് വർഷം മുൻപ് റോഡ് നവീകരണത്തിന്റെ ഭാഗമായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് രാത്രി കാലങ്ങളിൽ യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്. മിക്ക കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് ചുറ്റും കാട് നിറഞ്ഞതിനാൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. അടുത്തിടെയായി സാമൂഹ്യവിരുദ്ധരും പിടിമുറുക്കിയിട്ടുണ്ട്. പരസ്യ മദ്യപാനം ചോദ്യം ചെയ്താൽ അസഭ്യം ചൊരിയും ചിലരാകട്ടെ കൈയേറ്റത്തിന് മുതിരും. പേടി കാരണം പലരും ചോദ്യം ചെയ്യലിൽ നിന്ന് പിന്തിരിഞ്ഞു. തലങ്ങും വിലങ്ങും പായുന്ന പൊലീസാകട്ടെ ഇതൊന്നും കാണുന്നില്ല. വെളിച്ചമില്ലാത്തതാണ് ഇത്തരം സംഭവങ്ങൾ കൂടാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. അടിയന്തരമായി വിളക്കുകൾ സ്ഥാപിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാത്തിരിപ്പ് കേന്ദ്രങ്ങളിവ
പട്ടിത്താനം
വെമ്പള്ളി
കാളികാവ്
കുര്യം
കോഴ
കുര്യനാട്
" വെയിറ്റിംഗ് ഷെഡുകളിൽ വെളിച്ചമില്ലാത്തത് ഏറെ ബുദ്ധിമുട്ടാണ്. രാത്രികാലങ്ങളിൽ എവിടെയെങ്കിലും പോകണമെങ്കിലോ അല്ലെങ്കിൽ ബസിൽ വന്ന് ഇറങ്ങുമ്പോഴും കൈയിൽ വെളിച്ചം വേണം. "
രേഷ്മ, സ്വകാര്യ സ്ഥാപന ജീവനക്കാരി
കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചത് : 3 വർഷം മുൻപ്