അടിമാലി: ക്ഷീരമേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ക്ഷീരകർഷകരുടെ നേതൃത്വത്തിൽ കന്നുകാലികളെ ഉപയോഗിച്ച് ദേശിയപാത ഉപരോധിക്കും.കാലിത്തീറ്റക്ക് അടിക്കടിയുണ്ടാകുന്ന വില വർദ്ധനവിന് നിയന്ത്രണമേർപ്പെടുത്തുക, പാൽവില വർദ്ധിപ്പിക്കുക, ക്ഷീരകർഷകരുടെ ദിവസ ജോലി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, പാലിന് നൽകുന്ന ഇൻസെന്റീവ് 8 രൂപയാക്കി ഉയർത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കർഷകർ മുമ്പോട്ട് വയ്ക്കുന്നത്.ക്ഷീരമേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ക്ഷീരകർഷകർക്കിടയിൽ പ്രതിഷേധം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇരുമ്പുപാലം മേഖലയിലെ ക്ഷീര കർഷകരും പ്രത്യക്ഷ സമരവുമായി രംഗത്തു വരുന്നത്. 13 ന് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ ഇരുമ്പുപാലത്ത് കന്നുകാലികളെ ഉപയോഗിച്ച് ദേശിയപാത ഉപരോധ സമരം സംഘടിപ്പിക്കാനാണ് തീരുമാനം.2017 ൽ പാൽവില ലിറ്ററിന് 4 രൂപ വർധിപ്പിച്ച ശേഷം കാലിത്തീറ്റയുടെ വില 5 തവണകളായി 240 രൂപ വർധിപ്പിച്ചതായി കർഷകർ പരാതിപ്പെടുന്നു.പ്രതിസന്ധി താങ്ങാനാവാതെ കർഷകർ ക്ഷീരമേഖലയിൽ നിന്നും പിന്തിരിയുകയാണ്.വിസ്തൃതമായ അടിമാലി ഗ്രാമപഞ്ചായത്തിൽ മൃഗ ഡോക്ടറുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നില്ല.പ്രശ്‌ന പരിഹാരത്തിനായി ആശുപത്രിയിൽ ഒരു മൃഗ ഡോക്ടറെ കൂടി നിയമിക്കാൻ നടപടി വേണമെന്നും ഇരുമ്പുപാലം ക്ഷീര സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ പി ബേബി, കെ വി യാക്കോബ്, സി പി ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.