പാലാ: മുനിസിപ്പൽ സ്റ്റേഡിയത്തിലെ ട്രാക്കിന് 'കെ.എം.മാണി മെമ്മോറിയൽ സിന്തറ്റിക്ക് ട്രാക്ക് ' എന്ന് പേരിടാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം വോട്ടെടുപ്പോടെ തീരുമാനിച്ചു. ഇടതു മുന്നണി കൗൺസിലർമാരുടെയും ബി.ജെ.പി. കൗൺസിലറുടേയും ശക്തമായ എതിർപ്പോടെയാണ് സ്റ്റേഡിയത്തിലെ ട്രാക്കിന് കെ.എം. മാണിയുടെ പേരിട്ടത്.
കൗൺസിൽ യോഗത്തിൽ ഹാജരായിരുന്ന 18 പേരിൽ 13 പേർ പുതിയ പേരീടിലിനെ അനുകൂലിച്ചപ്പോൾ 5 പേർ എതിർത്തു.
വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ ഉൾപ്പെടെ, കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പിലെ 6 കൗൺസിലർമാരുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. സ്റ്റേഡിയത്തിലെ ട്രാക്കിന് കെ.എം. മാണിയുടെ പേര് കൊടുക്കുന്നതിനോട് മാണി ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം കൗൺസിലർമാർ യോജിക്കാനിടയില്ലെന്ന് ' കേരള കൗമുദി ' നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നു. വൈസ് ചെയർമാനെ അനുകൂലിക്കുന്ന ടോണി തോട്ടം, പി.കെ. മധു, മുൻ ചെയർപേഴ്‌സൺ പ്രൊഫ. സെലിൻ റോയി, ജോബി വെള്ളാപ്പാണി , ടോമി തറക്കുന്നേൽ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
നഗരസഭാ സ്റ്റേഡിയത്തിന്റെ പേര് ചെറിയാൻ ജെ.കാപ്പൻ സ്മാരക സ്റ്റേഡിയം എന്നു തന്നെ ആയിരിക്കുമെന്നും അത് മാറ്റുന്ന പ്രശ്‌നമില്ലെന്നും ചെയർപേഴ്‌സൺ ബിജി ജോജോ കൗൺസിലിനെ അറിയിച്ചു. അങ്ങിനെയെങ്കിൽ സ്‌റ്റേഡിയത്തിലെ പുതിയ കവാടത്തിങ്കലും ചെറിയാൻ. ജെ. കാപ്പൻ സ്റ്റേഡിയം എന്ന് എഴുതി വെയ്ക്കണമെന്ന് ബി.ജെ.പി. പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടവും ,സി.പി.എം. പ്രതിനിധികളായ പ്രസാദ് പെരുമ്പള്ളിലും, റോയി ഫ്രാൻസീസും ആവശ്യപ്പെട്ടു. എന്നാൽ തൽക്കാലമിത് നടപ്പാക്കാനാവില്ല എന്നായിരുന്നു ചെയർപേഴ്‌സന്റെ മറുപടി. ഇതേച്ചൊല്ലി ഭരണപ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള ബഹളം മൂർച്ഛിച്ചതോടെ വിഷയം വോട്ടിനിടണമെന്ന് ഭരണപക്ഷത്തെ സിബിൽ തോമസ് ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഡിയത്തിൽ വോളീബോൾ കോർട്ടിനും ബാസ്‌ക്കറ്റ് ബോൾ കോർട്ടിനും സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച തർക്കം ഇന്നലെയും തുടർന്നു. വീണ്ടും വിഷയം പഠിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കാൻ സ്റ്റേഡിയം മാനേജ്‌മെന്റ് സമിതിയിലെ കായികാദ്ധ്യാപകരോട് ആവശ്യപ്പെടാനും കൗൺസിലിൽ തീരുമാനമായി.
അജണ്ട കൃത്യമായ മാർഗനിർദ്ദേശത്തോടെ
പാലാ: സ്റ്റേഡിയത്തിലെ ട്രാക്കിന് കെ.എം. മാണിയുടെ പേരിടുന്ന വിഷയം പാലാ നഗരസഭാ കൗൺസിലിന്റെ അജണ്ടയിൽ വന്നത് കേരളാ കോൺഗ്രസ് ജോസ്. കെ. മാണി വിഭാഗത്തിന്റെ കൃത്യമായ നിർദ്ദേശത്തോടെ.
ഒരു നിർണ്ണായക വിഷയം വരുമ്പോൾ മുനിസിപ്പൽ ഭരണപക്ഷത്ത് ആരൊക്കെ തങ്ങളെ പിന്തുണയ്ക്കുമെന്ന് കൃത്യമായി മനസ്സിലാക്കാൻ ജോസ് പക്ഷം കരുതിക്കൂട്ടി നടത്തിയതാണ് ട്രാക്കിന്റെ പേരീടിൽ നടപടിയെന്ന് ആ ഗ്രൂപ്പിലെ ഒരു ഉന്നത നേതാവ് ' കേരള കൗമുദി ' യോടു പറഞ്ഞു. ഇക്കാര്യത്തിൽ ജോസ് പക്ഷം നേരത്തേ പ്രതീക്ഷിച്ചിരുന്നതു പോലെ തന്നെ സംഭവിച്ചു; വൈസ് ചെയർമാൻ കുര്യാക്കോസ് പടവനും മറ്റ് അഞ്ച് കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തില്ല !. ട്രാക്കിന് കെ.എം. മാണിയുടെ പേരിടുന്ന കൗൺസിൽ യോഗത്തിൽ ഇവർ പങ്കെടുക്കാതിരിക്കുമെന്നും അഥവാ പങ്കെടുത്താൽ തന്നെ ഇക്കാര്യത്തിൽ നിഷ്പക്ഷത പാലിക്കുമെന്നും ജോസ് വിഭാഗത്തിന് നേരത്തേ സൂചന കിട്ടിയിരുന്നു. എന്നാൽ ജോസ്. കെ. മാണിയെ പരസ്യമായി തള്ളിപ്പറയാൻ പടവനും കൂട്ടരും തയ്യാറായിട്ടുമില്ല. ഇതേ സമയം കുര്യാക്കോസ് പടവന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുള്ള ഭരണപക്ഷ കൗൺസിലർ മേരി ഡൊമിനിക് ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കുകയും പേരിടീൽ വിഷയത്തിൽ നഗര ഭരണ നേതൃത്വത്തിന്റെ നിലപാടിനോട് യോജിച്ചു നിൽക്കുകയും ചെയ്തതും ശ്രദ്ധേയമായി.