auditorium

ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പർ മുനിസിപ്പൽ ബസ് ടെർമിനിലെ ഇ.എം.എസ് ഓഡിറ്റോറിയം വരുമാനമില്ലാതെ 'സ്‌മാരകമായി' മാറുന്നു. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയമാണ് വരുമാനം ഇല്ലാതെ അടഞ്ഞുകിടക്കുന്നത്. 2015ൽ നിർമ്മാണോദ്ഘാടനം കഴിഞ്ഞു. മൂന്ന് പരിപാടികളാണ് ഈ ഓഡിറ്റോറിയത്തിൽ ആകെ നടന്നത്. കഴിഞ്ഞ വർഷം നഗരസഭയിൽ തദ്ദേശസ്വയംഭണ വകുപ്പ് ഓഡിറ്റ് വിഭാഗം ബാദ്ധ്യതയായും വരുമാനമില്ലാത്തതായും കണ്ടെത്തിയ വിവിധ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ പ്രധാന സ്ഥാനം പെരുന്ന എസി ഓഡിറ്റോറിയത്തിനായിരുന്നു. എല്ലാ വിധ സംവിധാനങ്ങളോടെ നിർമ്മിച്ചെങ്കിലും വരുമാനം കണ്ടെത്തുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്നാണ് ആക്ഷേപം. ഓ‌‌ഡിറ്റോറിയത്തിലെ ഇലക്ട്രിക് ഉപകരണങ്ങൾ സ്ഥിരമായി ഉപയോഗിക്കാത്തതിനാൽ നശിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. വലിയ ആൾക്കൂട്ടത്തെ ഉൾക്കൊള്ളുന്നതിനും ഭക്ഷണം വിതരണം നടത്തുന്നതിനുമൊക്കെ സൗകര്യങ്ങളുള്ളപ്പോഴാണ് ഓ‌ഡിറ്റോറിയത്തിന് ഈ ദുർഗതി. നഗരസഭയ്ക്ക് കാര്യക്ഷമമായി ഓഡിറ്റോറിയം നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ സ്വകാര്യ സംരഭകർക്ക് ലേലത്തിൽ നൽകണമെന്ന നിർദ്ദേശങ്ങളും ഉയർന്നിരുന്നു.