ebin-joseph

കടുത്തുരുത്തി: അതിരമ്പുഴ കരിവേലിമല തടത്തിൽ എബിൻ ജോസഫിനെ (22) കോതനല്ലൂർ പള്ളിത്താഴെ എം.വി.ഐ.പി. കനാലിന് താഴെയുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കത്ത് വാട്ടർ അതോറിറ്റി ഓഫീസിൽ അപ്രന്റീസായി ജോലി നോക്കുകയായിരുന്നു. മരണത്തിൽ സംശയം ഉണ്ടെന്ന് കാണിച്ച് പിതാവ് ജോസഫ് ചാക്കോ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.

ഞായറാഴ്ച്ച മൂന്നോടെ ഏറ്റുമാനൂരിൽ പോകുന്നുവെന്ന് പറഞ്ഞാണ് എബിൻ വീട്ടിൽ നിന്നും ഇറങ്ങിയതെന്നും രാത്രിയായിട്ടും മടങ്ങി വരാഞ്ഞതിനെ തുടർന്ന് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും പരാതിയിൽ പറയുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് എബിൻ പോകേണ്ട ഒരു കാര്യമില്ല. ബന്ധുക്കൾ കോതനല്ലൂരിൽ താമസിക്കുന്നുണ്ടെങ്കിലും അവിടെ പോയിട്ടില്ല. എബിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഏറ്റുമാനൂർ പുളിങ്ങാപ്പള്ളിൽ കുടുംബാംഗം മിനിയാണ് അമ്മ. ആൽബിൻ, അമൽ എന്നിവർ സഹോദരങ്ങളാണ്.