toilet-waste


കടുത്തുരുത്തി: കുടിവെള്ളം എന്ന ലേബലൊട്ടിച്ച ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം ജലസ്രോതസായ തോട്ടിലേക്ക് തള്ളി. മധുരവേലി കറ്റുരുത്ത് തോട്ടിലേയ്ക്കാണ് ഞായറാഴ്ച രാത്രി അർദ്ധരാത്രിയോടെ വാഹനത്തിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളിയത്. എഴുമാന്തുരുത്ത് ഭാഗത്തുനിന്നും വന്ന ടാങ്കർ ലോറി കറ്റുരുത്ത് പാലത്തിന് സമീപം പാർക്ക് ചെയ്തിരിക്കുന്നത് ഇതുവഴിവന്ന നാട്ടുകാരായ യുവാക്കൾ കണ്ടിരുന്നു. ലോറിയിലുണ്ടായിരുന്നവരോട് തിരക്കിയപ്പോൾ വെള്ളം എടുക്കാനാന്ന് പറഞ്ഞതോടെ യുവാക്കൾ പോകുകയും ചെയ്തു. പുലർച്ചെ പാലത്തിന് സമീപത്തുനിന്നും ദുർഗന്ധം വമിക്കുന്നതുകണ്ട് തിരഞ്ഞ പ്രദേശവാസികളാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത് കണ്ടത്. ഉടൻതന്നെ പഞ്ചായത്തംഗം സി.പി. പുരുഷോത്തമൻ ഇടപെട്ട് പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കടുത്തുരുത്തി പൊലീസ് സമീപത്തെ സി.സി.ടി.വി. കാമറകൾ പരിശോധിച്ചെങ്കിലും മാലിന്യവുമായിവന്ന വാഹനം കണ്ടെത്താനായില്ല. നിരവധിപേർ കൃഷിയ്ക്കും കുളിക്കാനും മറ്റു ആവശ്യങ്ങൾക്കുമായി വെള്ളം എടുക്കുന്ന തോട് സമീപകാലത്താണ് ശുചീകരിച്ചത്‌.