ചങ്ങനാശേരി: കൈയോടെ പിടിയിലായപ്പോൾ രോഗം അഭിനയിച്ച് പൊലീസിനെ ചുറ്റിച്ച മോഷ്ടാവിനെ കോടതി റിമാൻഡ് ചെയ്തു. വാഴൂർ റോഡിലെ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഫ്രൂട്ട്സ് സ്റ്റാളിൽ മോഷണം നടത്തുന്നതിനിടെ ഇന്നലെ പുലർച്ചെയാണ് കങ്ങഴ ചേരിയിൽ സുനിൽ കുമാറിനെ (40) പൊലീസ് പിടികൂടിയത്. ഉടൻ ഇയാൾ നെഞ്ചുവേദന അഭിനയിച്ച് നിലത്തു വീണു. താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖം ഇല്ലെന്ന് കണ്ടെത്തി. എന്നാൽ പൊലീസ് മർദ്ദനത്തിൽ വലത് കൈയ്ക്ക് പരിക്ക് പറ്റിയെന്നും മെഡിക്കൽ കോളേജിൽ കൊണ്ടു പോകണമെന്നും ഇയാൾ ശഠിച്ചു. അതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മോഷണ ശ്രമത്തിനിടെ വിരലിലുണ്ടായ മുറിവാണെന്ന് ഡോക്ടർ വ്യക്തമാക്കി. പ്ലാസ്റ്ററിടമെന്ന് ആവശ്യപ്പെട്ട് ഡോക്ടറോടും ഇയാൾ തട്ടിക്കയറി. തുടർന്ന് കൈയിൽ ബാൻഡേജ് ചുറ്റി പൊലീസിനൊപ്പം പറഞ്ഞു വിടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ചതോടെ പൊലീസ് മർദ്ദിച്ചെന്ന് കാട്ടി ഫേസ് ബുക്കിൽ പോസ്റ്റിടുമെന്ന് ഭീഷണി പെടുത്തിയെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇയാളുടെ പേരിൽ കേസെടുത്ത പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ അഭിനയത്തിന്റെ സി. സി. ടി. വി ദൃശ്യങ്ങൾ ഉണ്ടെന്ന് എസ്.ഐ ഷെമീർ ഖാൻ പറഞ്ഞു.