വൈക്കം: കക്കിയിറച്ചി വാങ്ങിയ ശേഷം പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കക്കാ ഇറച്ചി വിൽപനക്കാരനെ വാങ്ങാനെത്തിയയാൾ കുത്തി പരിക്കേൽപ്പിച്ചു. നെഞ്ചിലും ഇടതു കൈ വെള്ളയിലും കുത്തേറ്റ ടി വി പുരം ചെമ്മനത്തുകര ഇടയാട്ടിൽ മുരളി (55) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കേസിലെ പ്രതി ടിവിപുരം സ്വദേശി നടരാജൻ (62) വൈക്കം താലൂക്ക് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിൽസയിലാണ്.കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് ടി വി പുരംബോട്ട് ജെട്ടിക്ക് സമീപമായിരുന്നു സംഭവം. 60 രൂപയ്ക്ക് കക്കയിറച്ചി വാങ്ങിയ നടരാജൻ മുരളി പണം ചോദിച്ചിട്ടു നൽകാതെ കലഹിക്കുകയായിരുന്നു. വാക്കുതർക്കത്തിനിടയിൽ മദ്യലഹരിയിലായിരുന്ന നടരാജൻ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് മുരളിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നടരാജനെതിരെ വൈക്കം പൊലീസ്‌ കേസെടുത്തു.