തലയോലപ്പറമ്പ്: പൊതി സേവാഗ്രാമിൽ നിന്നും കാണാതായ 17 കാരിയെ പൊലീസ് കണ്ടെത്തി. കുട്ടിയുടെ മാതാവിന്റെ കാമുകനൊപ്പം മുണ്ടക്കയം കുന്നോന്നി മലയിൽ കാടിനുള്ളിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ 6 ദിവസമായി കുട്ടിയും അമ്മയുടെ കാമുകനും വനത്തിലാണ് കഴിഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിന്റെ കാമുകൻ കൂട്ടിക്കൽ ചാത്തൻ തുലാപ്പള്ളി നെല്ലി പ്ലാക്കൽ വീട്ടിൽ വിഷ്ണു(42)നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ മാസം 30 നാണ് സ്‌കൂളിൽ പഠിക്കാൻ പോയ കോട്ടയം വെമ്പള്ളി സ്വദേശിനി 15 കാരി, തയ്യൽ പഠിക്കാൻ പോയ മുണ്ടക്കയം സ്വദേശിയായ 17 കാരി എന്നിവരെ തലയോലപ്പറമ്പിൽ നിന്നും കാണാതായത്. പഠിക്കാനായി 30 ന് രാവിലെ ഇറങ്ങിയ ഇവർ തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിനുള്ളിലെ ശുചിമുറിയിൽ എത്തി ഡ്രസ് മാറി ഉഴവൂർ ബസിൽ കയറി പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ 3 ന് 15 കാരിയെ പൊലീസ് പിടികൂടിയിരുന്നു. 17 കാരിയെ കണ്ടെത്തുന്നതിനു വേണ്ടി വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിനിടെ എസ്‌.ഐ ടി.കെ.സുധീർ, സിവിൽ പൊലീസുകാരായ ഷിഹാബ്, അമീൻ, വനിതാ സിവിൽ പൊലീസ് ഓഫിസർ അമ്മാൾ എന്നിവരടങ്ങുന്ന പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. എറണാകുളത്തെ ജുവനൈൽ ഹോമിൽ താമസിച്ചിരുന്ന വിദ്യാർഥിനികളെ ഒരു മാസം മുൻപാണ് പൊതി സേവാഗ്രാമിലേക്കു മാറ്റിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.