പാലാ: മുനിസിപ്പൽ സ്റ്റേഡിയത്തിലെ ട്രാക്കിന് കെ.എം.മാണിയുടെ പേരിടുന്ന നിർണ്ണായക തീരുമാനത്തിൽ നിന്നും വിട്ടുനിന്ന നഗരസഭാ വൈസ് ചെയർമാനും കൂട്ടർക്കുമെതിരെ പാർട്ടിയിൽ പടയൊരുക്കം. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം അവിശ്വാസം ഉൾപ്പെടെയുള്ള നടപടികൾ വൈസ്ചെയർമാൻ കുര്യാക്കോസ് പടവൻ നേരിടേണ്ടിവരുമെന്നാണ് സൂചന. പടവനും കൂട്ടരും ഒരു നിർണ്ണായക വിഷയത്തിൽ എത്രമാത്രം തങ്ങൾക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ജോസ് കെ.മാണി വിഭാഗം നടത്തിയ ടെസ്റ്റ്ഡോസ് ആയിരുന്നു ഇന്നലത്തെ പേരിടീൽ വിഷയം. ഈ യോഗത്തിൽ കുര്യാക്കോസ് പടവനും കൂട്ടരും പങ്കെടുക്കാതിരുന്നതിനെ അതീവ ഗൗരവപരമായാണ് ജോസ് കെ.മാണി വിഭാഗം കരുതുന്നത്. പടവനെ നഗരസഭാ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കണമെന്നാഗ്രഹിച്ചവർക്കാകട്ടെ ഇതൊരു നല്ല വടിയുമായി. പടവനും കൂട്ടരും ഇല്ലാതിരുന്നിട്ടും ഭൂരിപക്ഷത്തോടെ മുനിസിപ്പൽ സ്റ്റേഡിയത്തിലെ ട്രാക്കിന് കെ.എം.മാണിയുടെ പേര് ഇടാൻ കഴിഞ്ഞത് വിജയമായാണ് നഗരഭരണ നേതൃത്വവും ജോസ് കെ.മാണി വിഭാഗവും കരുതുന്നത്.