കോട്ടയം: രൂപീകരണം കഴിഞ്ഞിട്ട് ഒമ്പത് വർഷമായെങ്കിലും ആസ്ഥാനം പോലുമില്ലാതെ കൊടുംകാട്ടിൽ ഒറ്റപ്പെടുകയാണ് സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. 2010വരെ ഇലമലക്കുടി മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. തുടർന്നാണ് 13 വാർഡുകളടങ്ങിയ ഇടമലക്കുടി പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്തിലെ വനാന്തരത്തിലെ ഗോത്രജനതയുടെ ക്ഷേമകാര്യങ്ങൾ നോക്കാനുള്ള ഉദ്യോഗസ്ഥരുടെ കാര്യാലയം ഇവിടെ നിന്ന് 45 കിലോമീറ്ററകലെയുള്ള ദേവികുളത്താണ്.
സൊസൈറ്റിക്കുടിയിൽ പഞ്ചായത്തിനായി പേരിനൊരു കെട്ടിടമുണ്ടെങ്കിലും പൂട്ടിക്കിടക്കുകയാണ്. മാസത്തിലൊരിക്കൽ പഞ്ചായത്ത് കമ്മിറ്റിക്കായി ഉദ്യോഗസ്ഥർ ഇവിടെയെത്തുമായിരുന്നു. എന്നാൽ അടുത്തിടെ കാട്ടാനയുടെ ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതോടെ ഉദ്യോഗസ്ഥരുടെ വരവും ഇല്ലാതായി.
ഇടമലക്കുടിക്കായി സർക്കാർ തയ്യാറാക്കിയ പദ്ധതികളെല്ലാം ഇപ്പോഴും കടലാസിലാണ്. ഒന്നും നടപ്പാക്കാത്തതു കാരണം ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന കോടികൾ വർഷാവസാനം ഖജനാവിലേക്ക് തിരിച്ചു പോകും. പഞ്ചായത്തിന്റെ വാർഷിക പദ്ധതിവിഹിതംപോലും 30- 40 ശതമാനത്തിലേറെ ചെലവഴിക്കാറില്ല. ഇടമലക്കുടിയിലെത്താൻ വഴിയും വാഹനസൗകര്യവുമില്ലാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് ഏമാൻമാരുടെ നിലപാട്. വഴിക്ക് തടസം വനംവകുപ്പുമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഭൂമിശാസ്ത്ര പ്രത്യേകതകൾ അവഗണിച്ചുള്ള ആസൂത്രണത്തിലെ പിഴവുമെല്ലാം ഇടമലക്കുടിക്ക് ഇരുട്ടടിയായി.
ഇടമലക്കുടിയുടെ ചരിത്രം
മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെ റിസർവ് വനത്തിലുള്ള കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്ത്. ചെങ്കുളം ജലസംഭരണിക്കായി കുടിയൊഴിപ്പിച്ച മുതുവാൻ വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങളെ 1951ലാണ് ആനമുടി വനത്തിൽ പുനരധിവസിപ്പിച്ചത്. പിന്നീട് മറയൂർ, കാന്തല്ലൂർ, കൊട്ടാക്കമ്പൂർ പ്രദേശങ്ങളിൽ നിന്നുള്ള മുതുവാൻ കുടുംബങ്ങളും ഇങ്ങോട്ടെത്തി. 2010 മേയ് 20 നാണ് ഇടമലക്കുടി പഞ്ചായത്ത് രൂപീകരിച്ചത്. 2010 നവംബർ ഒന്നിന് പഞ്ചായത്തിന്റെ പ്രവർത്തനമാരംഭിച്ചു.
ലക്ഷ്യമെത്താതെ കോടികൾ
► 2014 ൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബിക്ക് കൈമാറിയ 4.77 കോടി രൂപ
►2015ൽ ഇടമലക്കുടി സമഗ്രവികസന പദ്ധതിക്കായി അനുവദിച്ച 10.35 കോടി രൂപ
പഞ്ചായത്തിന്റെ പൊതുസ്ഥിതി
♦ ആനമുടി വനമേഖല 106 ച.കി.മീ
♦ ആദിവാസി ഊരുകൾ 28
♦ കുടുംബങ്ങൾ 700
♦ ജനസംഖ്യ (2017ൽ) 2220
വനസംരക്ഷണ നിയമങ്ങളുടെ മറവിൽ വനംവകുപ്പ് നടത്തുന്ന കടുംപിടിത്തവും വന്യജീവികളുടെ ആക്രമണവും ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് എന്നും പ്രതിസന്ധികളാണ്. കമ്മിറ്റി കൂടാൻ മാത്രം തുറക്കുന്ന ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് കഴിഞ്ഞ ഏപ്രിൽ 21ന് കാട്ടാന തകർത്തു. അതോടെ ഉദ്യോഗസ്ഥർ ഇവിടേക്ക് എത്താതായി.
- പി.കെ. മുരളീധരൻ, ഇടമലക്കുടിയിലെ പൊതുപ്രവർത്തകൻ