ചങ്ങനാശേരി : റോഡില്ലാതെ പാലം നിർമ്മിച്ചാൽ എന്താകും അവസ്ഥ ? പാലം നോക്കുകുത്തിയാകും അല്ലാതെ എന്താ... പ്രാക്കുഴി പാലവും നേരിടുന്നത് സമാനഅവസ്ഥയാണ്. തെങ്ങണ കവലയിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി വട്ടച്ചാൽപടിയിൽ നിന്ന് പെരുമ്പനച്ചിയിലേക്കുള്ള റോഡിൽ 15 വർഷങ്ങൾക്കു മുൻപ് ജില്ലാ പഞ്ചായത്താണ് പാലം നിർമ്മിച്ചത്. എന്നാൽ അരകിലോമീറ്ററോളം റോഡ് ഇല്ലാത്തതിനാൽ പാലം കൊണ്ട് നാട്ടുകാർക്ക് യാതൊരു പ്രയോജനവുമില്ല. കുറുമ്പനാടം ഫെറോനാപള്ളിയിലേയ്ക്കും സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്‌കൂളിലേയ്ക്കും ഗവ. സ്‌കൂളിലേക്കും ഇല്ക്ട്രിസിറ്റി ഓഫീസിലേയ്ക്കും പോകേണ്ട വിദ്യാർത്ഥികളും പൊതുജനങ്ങളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പാലത്തിന്റെ മുമ്പിലെ കാടുപിടിച്ചുകിടക്കുന്ന വരമ്പിലൂടെയാണ് നാട്ടുകാർ ഇപ്പോൾ സഞ്ചരിക്കുന്നത്. മഴക്കാലത്ത് മടപൊട്ടുമ്പോൾ യാത്രാദുരിതം ഇരട്ടിയാകും. ഈ സാഹചര്യത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. മുൻപ് ഇവിടെ മുങ്ങി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ടു മരിച്ചിരുന്നു. സംഭവശേഷം ബന്ധപ്പെട്ടവർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് പിന്നിടുമ്പോഴും പാലത്തിന്റെ നിർമ്മാണം മാത്രമാണ് പൂർത്തിയായത്. അതാണെങ്കിൽ നാട്ടുകാർക്ക് പ്രയോജനവുമില്ല. ജ്യോതി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റോഡിനുവേണ്ടിയുള്ള പ്രതിഷേധം ശക്തമാണ്. വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ജനങ്ങളെ സംഘടിപ്പിച്ചു സമരത്തിനിറങ്ങുമെന്ന് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് മൈത്രി ഗോപാലകൃഷ്ണൻ, സെക്രട്ടറി മിനി സിബിച്ചൻ, ട്രഷറർ തമ്പി കുറ്റിയിൽ, വി.എ റഹ്മാൻ, ജോണിക്കുട്ടി എന്നിവർ പറഞ്ഞു.