 'വൈസ് ചെയർമാനും, പ്രതിപക്ഷനേതാവും' ഡബിൾ റോൾ വേണ്ടെന്ന് പാർട്ടി

പാലാ : മുനിസിപ്പൽ സ്റ്റേഡിയത്തിലെ ട്രാക്കിന് കെ.എം.മാണിയുടെ പേരിടുന്ന നിർണായക തീരുമാനത്തിൽ നിന്ന് വിട്ടുനിന്ന നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവനും കൂട്ടർക്കുമെതിരെ പാർട്ടിയിൽ പടയൊരുക്കം. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം അവിശ്വാസം ഉൾപ്പെടെയുള്ള നടപടികൾ പടവൻ നേരിടേണ്ടിവരുമെന്നാണ് സൂചന. പടവനും കൂട്ടരും ഒരു നിർണായക വിഷയത്തിൽ എത്രമാത്രം തങ്ങൾക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ജോസ് വിഭാഗം നടത്തിയ 'ടെസ്റ്റ്‌ഡോസ് ' ആയിരുന്നു ഇന്നലത്തെ പേരിടീൽ വിഷയം.

മാണി ഗ്രൂപ്പ് അംഗമായി വൈസ് ചെയർമാൻ പദവി നേടിയെടുക്കുകയും തുടർന്ന് ' പ്രതിപക്ഷ നേതാവിന്റെ ' പണി നടത്തുകയും ചെയ്യുന്ന ഇരട്ടറോൾ ഇനി നടപ്പാകില്ലെന്ന് ജോസ് വിഭാഗം മുന്നറിയിപ്പ് നൽകും. തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ പാർട്ടിയിൽ നിന്നു പുറത്താക്കാനും നീക്കമുണ്ട്. പടവനും കൂട്ടരും ഇല്ലാതിരുന്നിട്ടും ഭൂരിപക്ഷത്തോടെ സ്റ്റേഡിയത്തിലെ ട്രാക്കിന് മാണിയുടെ പേര് ഇടാൻ കഴിഞ്ഞത് വിജയമായാണ് ജോസ് വിഭാഗം കരുതുന്നത്.

ഇങ്ങനെ മുന്നോട്ടു പോകാനില്ല

വൈസ് ചെയർമാൻ എന്ന നിലയിൽ ചെയർപേഴ്‌സണേയും, വികസനകാര്യങ്ങളെയും അനുകൂലിച്ച് നിൽക്കേണ്ട ആളാണ് പടവൻ. പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെയും നിർദ്ദേശങ്ങളെയും അവഗണിക്കുന്നത് ഇദ്ദേഹം പതിവാക്കിയിരിക്കുകയാണ്. ഇങ്ങനെ ഈ പാർട്ടിയിൽ മുന്നോട്ടുപോകാനാവില്ല.'

ജോസ് വിഭാഗം നേതാവ്