വൈക്കം : വെച്ചൂർ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്കുള്ള സർക്കാർ ഉത്തരവായതോടെ വൈക്കം വെച്ചൂർ റോഡ് വികസനമെന്ന ചിരകാല സ്വപ്നം പൂവണിയുന്നു. ഉത്തരവിലൂടെ തലയാഴം, വെച്ചൂർ വില്ലേജുകളിൽ നിന്നായി 13.85 ഏക്കർ സ്ഥലം ഏറ്റെടുക്കും. പാലാ എൽ.എ ഓഫീസർക്കാണ് ഭൂമി ഏറ്റെടുക്കൽ ചുമതല. സാമൂഹിക പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തി റിപ്പോർട്ട് തയ്യാറാക്കുകയാണ് അടുത്ത നടപടി. ഇതിനാവശ്യമായ പണം പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം കിഫ്ബിയിൽ നിന്ന് റവന്യൂ അധികാരികൾക്ക് ലഭ്യമാകും. അതോടൊപ്പം പി.ഡബ്ല്യൂ.ഡി, റവന്യൂ വകുപ്പുകളുടെ സംയുക്തപരിശോധനയും നടക്കും. തുടർന്ന് ഓരോ സ്ഥല ഉടമകളുടെയും സർവ്വേ നമ്പരുകൾ പരിശോധിച്ച് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തി പരിധി നിശ്ചയിക്കും. പിന്നീട് ആധാരമുൾപ്പടെയുള്ള രേഖകൾ പരിശോധിച്ച് ഓരോ വ്യക്തിയ്ക്കുമുള്ള തുക കൈമാറി സ്ഥലം ഏറ്റെടുക്കും. ഇത്തരത്തിൽ എഴുപത്തഞ്ച് ശതമാനം ആളുകളുടെ എൽ.എ നടപടികൾ പൂർത്തിയാകുമ്പോൾ ടെണ്ടർ നടപടികൾ ആരംഭിക്കും. അഞ്ചുമനപ്പാലം ഉൾപ്പടെയുള്ള പാലങ്ങൾ പുതുക്കിപണിത 13 മീറ്റർ വീതിയിലാണ് വൈക്കം വെച്ചൂർ റോഡ് വികസനം യാഥാർത്ഥ്യമാക്കുന്നത്. ആകെ അനുവദിക്കപ്പെട്ട 93.73 കോടി രൂപയിൽ സ്ഥലം ഏറ്റെടുക്കുന്നതിനായി 48 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.
പൂവണിയുന്നത് ചിരകാല സ്വപ്നം
വൈക്കം വെച്ചൂർ റോഡിന്റെ സ്ഥലമേറ്റെടുക്കലിന് ഗ്രീൻ സിഗ്‌നൽ തെളിഞ്ഞതോടെ പൂവണിയുന്നത് വൈക്കത്തിന്റെ വലിയൊരു സ്വപ്നമാണ്.
റോഡ് വീതികൂട്ടി പുനർ നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വൈക്കത്തിന്റെ ഗതാഗത മേഖലയിൽ കാലാകാലങ്ങളിൽ വന്ന വികസനങ്ങളുടെ ഭാഗമായി വൈക്കം പൂത്തോട്ട റോഡും വൈക്കം ഏറ്റുമാനൂർ റോഡും നഗരമദ്ധ്യത്തിലെ റോഡുകളുമെല്ലാം മികച്ച നിലവാരത്തിലായി. വൈക്കം വെച്ചൂർ റോഡിന് മാത്രം പതിറ്റാണ്ടുകൾക്കുള്ളിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. വൈക്കം മുതൽ മാരാംവീട് വരെ ടാറിംഗ് ഉയർന്ന നിലവാരത്തിൽ നടത്തിയിരുന്നു. പക്ഷേ റോഡിന്റെ വീതി പഴയത് തന്നെയായിരുന്നു. എന്നാൽ ഗതാഗതത്തിരക്ക് കഴിഞ്ഞ കുറേ വർഷങ്ങൾക്കുള്ളിൽ ഏറ്റവുമധികം വർദ്ധിച്ചത് വൈക്കം വെച്ചൂർ റോഡിലുമാണ്. റോഡിന് വീതി കുറവായതിനാൽ അപകടങ്ങളും ഇവിടെ പതിവാണ്. ടിപ്പറുകൾ തന്നെ നിരവധി ജീവനുകൾ കവർന്നിട്ടുണ്ട്.
ഒരു സമയം രണ്ട് വാഹനങ്ങൾക്ക് കടന്നു പോകാൻ വീതിയില്ലാത്തവയായിരുന്നു ഈ റൂട്ടിലെ മിക്ക പാലങ്ങളും. അപകടം തുടർച്ചയായപ്പോൾ തോട്ടുവക്കത്ത് സമാന്തര പാലം നിർമ്മിച്ചു. ബലക്ഷയത്തെ തുടർന്ന് മാരാംവീട്ടിലും പുത്തൻപാലത്തും പുതിയ പാലങ്ങൾ പണിതു. പക്ഷേ വെച്ചൂർ അഞ്ചുമനപ്പാലം അപ്പോഴും ബാക്കിയായിരുന്നു. ഇരട്ടവരി പാത വരുമ്പോൾ അഞ്ചുമന പാലത്തിനൊപ്പം അട്ടാറ പാലവും ഏതാനും വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച തോട്ടകം, മാരാംവീട്, പുത്തൻ പാലങ്ങളും വീതികൂട്ടി പുനർ നിർമ്മിക്കും.
സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമം പൂർത്തിയായലുടൻ റോഡ് നിർമ്മാണം ആരംഭിക്കും. സ്ഥലം ഏറ്റെടുക്കാൻ പ്രക്രിയ എത്രയും വേഗത്തിൽ പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
-- സി.കെ.ആശ എം.എൽ.എ