പാലാ : വാട്ടർഅതോറിറ്റിക്കാരെ, നിങ്ങൾ കണ്ണ് തുറന്നൊന്നു കാണണം. കനത്ത മഴയിലെ ജലപ്രവാഹം പോലെ പാലാ നഗരമദ്ധ്യത്തിൽ റോഡിൽ പൈപ്പു പൊട്ടി വെള്ളം ഒഴുകുകയാണ്. ഇതൊന്നു വന്നു നോക്കൂ, പ്രശ്‌നം പരിഹരിക്കൂ. മീനച്ചിൽ താലൂക്ക് സഭയാണ് നിങ്ങളോട് പറയുന്നത്. പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ നൽകിയ പരാതിയിലാണ് താലൂക്ക് വികസനസമിതിയോഗത്തിന്റെ ഇടപെടൽ. സിവിൽസ്റ്റേഷൻ ജംഗ്ഷന്റെ മദ്ധ്യഭാഗത്താണ് പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം പാഴായിപ്പോകുന്നത്. നൂറുകണക്കിന് ജനങ്ങൾ ശുദ്ധജലത്തിനായി ബുദ്ധിമുട്ടുമ്പോൾ ലക്ഷങ്ങൾ ചെലവഴിച്ച് വിതരണത്തിനായി എത്തിക്കുന്ന ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഇങ്ങനെ പാഴായിപ്പോകുന്നതെന്ന് ജോയി ചൂണ്ടിക്കാട്ടി.
പാലാ മാർക്കറ്റ്, മുണ്ടുപാലം എന്നിവിടങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇതുമൂലം കുടിവെള്ളം ലഭിക്കുന്നില്ല. സ്ഥിരമായി വെള്ളം ഒഴുകി റോഡും തകർച്ചയുടെ വക്കിലാണ്. പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്ന് യോഗം വാട്ടർഅതോറിറ്റിക്ക് നിർദ്ദേശം നൽകി. യോഗത്തിൽ പങ്കെടുത്ത നിരവധിപ്പേർ താലൂക്ക് സഭയെ നോക്കുകുത്തിയാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ പറഞ്ഞു. വൈക്കം, കോട്ടയം, പൊൻകുന്നം ഭാഗത്തു നിന്നു വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ടൗൺ ബസ് സ്റ്റാൻഡിന് മുൻവശം നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കണമെന്ന് ആറ് മാസങ്ങൾക്ക് മുമ്പുള്ള താലൂക്ക് സഭയുടെ ഉത്തരവ് നാളിതുവരെ നടപ്പാക്കിയിട്ടില്ല. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി ഉയർന്നു. ഇത്തരം പരാതികൾ പരിശോധിക്കാനും താലൂക്കിലെ എല്ലാ ഗവ.ഓഫീസുകളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം താലൂക്ക് സഭയിൽ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തഹസിൽദാർ വി.എം. അഷ്‌റഫ് ഉറപ്പ് നൽകി.
ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.