veedu

തലയോലപ്പറമ്പ് : മുളക്കുളം പഞ്ചായത്തിൽ 15-ാം വാർഡിൽ താമസിക്കുന്ന കാരിക്കോട് മൂർക്കാട്ടിൽ മനോജിന് പെൺകരുത്തിൽ വീടൊരുങ്ങുന്നു. കടുത്തുരുത്തി ബ്ലോക്കിലെ വനിത മേസൺ പരിശീലന പദ്ധതിയിൽപ്പെടുത്തിയാണ് വനിതാ തൊഴിലുറപ്പ് തൊഴിലാളികൾ വീടു നിർമ്മിക്കുന്നത്. ജില്ലയിലെ രണ്ടാമത്തേതും കടുത്തുരുത്തി ബ്ലോക്കിലെ ആദ്യത്തേതുമായ വീടിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽപ്പെടുത്തിയാണ് നിർമ്മാണം. 420 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള വീടിന്റെ നിർമ്മാണം എട്ട് തൊഴിലാളികൾ 360 തൊഴിൽ ദിനങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 175 ദിവസങ്ങളെടുത്ത് ഷെയ്ഡ് വാർക്കൽ വരെ പൂർത്തിയാക്കി. വീടിന് വാനം എടുത്തതുമുതൽ ഇപ്പോൾ ഷെയ്ഡ് വാർക്ക വരെയുള്ള ജോലികൾ സ്ത്രീ തൊഴിലാളികളാണ് ചെയ്തത്. മെയിൻ വാർക്കയും തേപ്പുമാണ് ഇനി അവശേഷിക്കുന്നത്. കുഞ്ഞുമോൾ രാജപ്പൻ, മിനി ഷാജി, മല്ലിക സന്തോഷ്, അനിത പ്രഭൻ, ശ്യാമള സുകുമാരൻ, സാലി പത്രോസ്, ശാന്ത രവികുമാർ, മനോജ് കുമാർ എന്നിവരാണ് വീടിന്റെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. ഇവർക്കൊപ്പം മാർഗനിർദ്ദേശങ്ങൾ നൽകി വർസീയർ ആശാ തോമസും, ധന്യയും, വാർഡംഗം ജിജി സുരേഷും വീടിന്റെ ഉടമയുമായ മനോജ് കുമാറും ഒപ്പമുണ്ട്.