പൊൻകുന്നം : അറബിനാട്ടിൽ നിന്നെത്തി മലയാളനാട്ടിൽ തളിരിട്ട വൃക്ഷരാജൻ ഇണയെ കാത്തിരിക്കുന്നു. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ കൊരട്ടിപ്പറമ്പിൽ അബ്ദുൾനജീബിന്റെ കോഫിബാറിനു മുന്നിലാണ് ഈന്തപ്പന വളർന്നു വരുന്നത്. 22 വർഷത്തെ പ്രവാസി ജീവിതം കഴിഞ്ഞ് കുവൈറ്റിൽ നിന്നെത്തിയ നജീബ് സ്വന്തം നാട്ടിൽ കോഫി ബാർ തുടങ്ങി. അറബിനാടിന്റെ ഓർമ്മയ്ക്കായാണ് കുവൈറ്റിൽ നിന്ന് കൊണ്ടുവന്ന പെൺവർഗത്തിൽപ്പെട്ട ഈന്തപ്പനയുടെ തൈ കടയുടെ മുമ്പിൽ നട്ടത്. പ്രതീക്ഷകൾക്കപ്പുറമായിരുന്നു വളർച്ച. രണ്ടുവർഷം പൂർത്തിയായതോടെ ചെടി മൂന്നടിയിലേറെ ഉയരത്തിൽ പൊങ്ങി. ആറാം വർഷം കായ്ച്ചുതുടങ്ങും. ഇത് പുഷ്പിക്കണമെങ്കിൽ ഇനി പരാഗണം നടത്തണം.അതിന് ആൺവർഗത്തിൽപെട്ട മരം അടുത്ത് വേണംകേരളത്തിലെ കാലാവസ്ഥ ഗൾഫിന് സമാനമായതിനാലാകാം ഈന്തപ്പന ഇവിടെ വളരുന്നതെന്നാണ് നജീബ് പറയുന്നത്.