പാലാ : വികാരനിർഭരമായിരുന്നു ഈ യാത്രഅയപ്പ്, കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ നിന്ന് മീനച്ചിൽ ഗ്രാമപഞ്ചായത്തിലേക്ക് അക്കൗണ്ടന്റായി പ്രമോഷനോടെ പോയ ശ്രീകാന്തിന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ് (തൊമ്മച്ചൻ ) നൽകിയ യാത്രഅയപ്പ്. പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ശ്രീകാന്തിന് ഫലകം ഉപഹാരമായി സമ്മാനിച്ചപ്പോൾ തോമസ് ജോർജ് കാമറയ്ക്കു മുന്നിൽ ചിരിച്ചു നിന്നു. പക്ഷേ പെട്ടെന്ന് ചിരി മാഞ്ഞു. മിഴി നിറഞ്ഞു, ശ്രീകാന്തിനെ കെട്ടിപ്പിടിച്ച് വിതുമ്പിയ ചുണ്ടുകളോടെ ഒരു പൊന്നുമ്മ. കണ്ടു നിന്നവർ അമ്പരന്നു. പ്രസിഡന്റ് കരയുന്നോ.!
കാമറകൾ എല്ലാം ഒപ്പിയെടുക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും തോമസ് ജോർജിന് നിയന്ത്രിക്കാനായില്ല. ഒന്നു കൂടി ശ്രീകാന്തിന്റെ കൈപിടിച്ചു കുലുക്കി യാത്ര പറഞ്ഞ തോമസ് വിതുമ്പലടക്കാനാവാതെ, തിരിഞ്ഞു നോക്കാതെ ഓഫീസിനുള്ളിലേക്ക് കയറിപ്പോയി. കഴിഞ്ഞ 19 വർഷമായി കൊഴുവനാൽ പഞ്ചായത്ത് മെമ്പറും 4 വർഷമായി പ്രസിഡന്റുമായി പ്രവർത്തിക്കുന്ന തോമസ് ജോർജ് പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരുമായി വളരെയടുത്ത സ്‌നേഹത്തിലാണ്. കഴിഞ്ഞ 5 വർഷമായി കൊഴുവനാൽ പഞ്ചായത്തിൽ യു.ഡി ക്ലർക്കായിരുന്നൂ പൂഞ്ഞാർ സ്വദേശിയായ ശ്രീകാന്ത്.