പൊൻകുന്നം : സ്വകാര്യ ബസിൽ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയിൽ ഒത്തുതീർപ്പിനെത്തിയ എൻ.സി.പി നേതാവ് ജോ.ആർ.ടി.ഒ.യുടെ മേശപ്പുറത്തെ ഗ്ലാസ് അടിച്ചുതകർത്തതായി പരാതി. പ്രാദേശിക നേതാവ് ജോബിക്കെതിരെയാണ് ജോ.ആർ.ടി.ഒ പൊൻകുന്നം പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിലോടുന്ന സ്വകാര്യബസിൽ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് ആരോപിച്ച് രക്ഷകർത്താക്കൾ പരാതി നൽകിയിരുന്നു. കണ്ടക്ടറും ഡ്രൈവറും ആർ.ടി ഓഫീസിൽ ഹിയറിംഗിനെത്തണമെന്ന് ജോ.ആർ.ടി.ഒ ആവശ്യപ്പെട്ടു. തുടർന്നാണ് ബസുകാർക്കുവേണ്ടി ജോബി ഓഫീസിൽ എത്തിയത്. കണ്ടക്ടറും ഡ്രൈവറും ഹാജരാകില്ലെന്ന് നേതാവും ഹാജരായേ പറ്റൂവെന്ന് ജോ.ആർ.ടി.ഒയും പറഞ്ഞു. ക്ഷുഭിതനായ നേതാവ് മേശയിലെ ഗ്ലാസ് ഇടിച്ചു തകർക്കുകയും സ്ഥലം മാറ്റുമെന്ന് ഭീഷണിമുഴക്കുകയും ചെയ്‌തെന്നാണ് പരാതി. ഈ സമയം ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായ ഭാര്യയും ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ പൊൻകുന്നം പൊലീസ് കേസെടുത്തു.