 ഭീതിയുടെ മുൾമുനയിൽ ചിന്നക്കനാലും ശാന്തൻപാറയും

കോട്ടയം : മുടൽ മഞ്ഞ് പിന്നെ കൊടും വളവുകളും. കൊച്ചി-ധനുഷ്‌കോടി ദേശീയപാത ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലമാണ്. മൂടൽ മഞ്ഞിന്റെ മറപറ്റി നിൽക്കുന്ന കാട്ടാനകൾ ഏത് നിമിഷവും കാലനായി കടന്നുവന്നേക്കാം. ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട എത്രയെത്ര പേർ. ഭീതിയോടെ അവർ അത് പറയുമ്പോഴും കാട്ടാനകൾ ചിന്നംവിളിക്കുകയാണ്.

ചിന്നക്കനാലിലും ശാന്തൻപാറയിലും ജനവാസ കേന്ദ്രങ്ങളിലും തോട്ടം മേഖലകളിലും പകയോടെ ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണത്തിൽ രണ്ട് പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് നാല്പത് പേരാണ്. ചിന്നക്കനാൽ, ശാന്തൻപാറ, രാജകുമാരി, ബൈസൻവാലി പഞ്ചായത്തുകളിലെ മുള്ളൻതണ്ട്, ആനയിറങ്കൽ, രാജാപാറ, കള്ളിപ്പാറ, ഓരംപാറ, ബി ഡിവിഷൻ, മഞ്ഞക്കുഴി, അരമനപാറ, പൂപ്പാറ, ജോസ്ഗിരി എന്നിവിടങ്ങളിലാണ് ആനകൾ വിഹരിക്കുന്നത്. 2002ൽ മേഖലയിൽ ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കിയതോടെയാണ് ആനകളും മനുഷ്യരുമായുള്ള ബന്ധത്തിൽ വഴിത്തിരിവുണ്ടായത്. ആനത്താരകളിൽ റസോർട്ടുകളായി മാറി. വനമേഖലയുടെ ഒരുഭാഗം കൃഷിസ്ഥലങ്ങളായി. വിനോദസഞ്ചാര കേന്ദ്രമായി ആനയിറങ്കൽ മേഖലയും സമിപപ്രദേശങ്ങളും മാറുകയും ചെയ്തു. കൈയ്യേറ്റങ്ങൾ വർദ്ധിക്കുകയും, ജനവാസ മേഖല വികസിക്കുകയും, കൃഷിയിടങ്ങൾ വേലികെട്ടി തിരിക്കുകയും ചെയ്തതോടെ ചിന്നക്കനാലും ശാന്തൻപാറയും പലതവണ ആനക്കലിയുടെ നിരവധി നേർചിത്രങ്ങൾ കണ്ടു.

2003 അവസാനത്തോടെയാണ് ആനക്കലിയിൽ മനുഷ്യജീവനുകൾ വൻതോതിൽ പൊലിഞ്ഞുതുടങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ചു പേർക്ക് ജീവൻ നഷ്ടമായി.ഇതിൽ മൂന്ന് പേരും മൂലത്തറ,സിങ്ക്കണ്ടം,ചിന്നക്കനാൽ ഭാഗങ്ങളിൽ വച്ചാണു കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏറെയും തോട്ടം തൊഴിലാളികളാണ്. അൻപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും കാട്ടാന ആക്രമണത്തിന് ഇരയായത്. ശാരീരികബുദ്ധിമുട്ട് കാരണം പെട്ടന്ന് ഓടി മറയാൻ സാധിക്കാത്തവരാണ് അധികവും. കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടവർ, ഗുരുതരമായ പരിക്കുകളോടെയും, അംഗവൈകല്യത്തോടെയും കഴിയുന്നവർ നിരവധിയാണ്.

അന്ന് 301, ഇന്ന് 16

ഒരിക്കൽ ആനത്താരയായിരുന്ന സ്ഥലമാണ് ഇന്ന് ചിന്നക്കനാൽ പഞ്ചായത്തിലെ സിങ്കുകണ്ടം 301 കോളനിക്ക് വഴിമാറിയത്. ആദ്യകാലത്ത് ആദിവാസികൾ ഉൾപ്പെടെ 301 കുടുംബങ്ങളാണ് സ്ഥലത്ത് കുടിയേറിയത്. എന്നാൽ ആനയുടെ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായപ്പോൾ കൂടിയേറിയ കുടുംബങ്ങളിൽ ഭൂരിപക്ഷവും സ്ഥലം ഉപേക്ഷിച്ച് പോയി. ഇന്ന് ഏകദേശം 16 കുടുംബങ്ങൾ മാത്രമാണ് ഇവിടെ അധിവസിക്കുന്നത്. ഇവിടെ വാഴ, ഏലം കൃഷികൾ കാട്ടാനകൾ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. 301 കോളനിയിലെ നിരവധിയാളുകൾ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

 അരികൊമ്പനും

ചക്കകൊമ്പനും

പ്രദേശത്ത് ഭീതി പടർത്തുന്നവരിൽ കുപ്രസിദ്ധൻ ചില്ലിക്കൊമ്പനാണ്. കൊലപാതകങ്ങളുടെ പേരിൽ പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുമുണ്ട്. പ്രദേശത്ത് കറങ്ങുന്ന അരിക്കൊമ്പൻ എന്ന കാട്ടാന വീടുകൾക്ക് നേരെയാണ് ആക്രമണങ്ങൾ നടത്തുന്നത്. റേഷൻഅരിയുടെ മണംപിടിച്ച് എത്തുന്നതിനാലാണ് അരിക്കൊമ്പൻ എന്ന് പേര് കിട്ടിയത്. കൃഷിയിടങ്ങളിൽ നാശംവിതയ്ക്കുന്ന മറ്റൊരു ആനയാണ് ചക്കക്കൊമ്പൻ. ചക്കപഴം ഏറെ ഇഷ്ടമായതിനാലാണ് ചക്കകൊമ്പൻ എന്ന് പേരുവീണത്.