വൈക്കം : ബഹിരാകാശ വിസ്മയത്തിൽ ലോകം ഉറ്റുനോക്കുന്ന രാഷ്ട്രമായി ഭാരതം മാറിയതായി ഗഗൻയാൻ ഡയറക്ടറും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. വൈക്കം ശ്രീമഹാദേവ കോളേജിൽ ഐ.ടി ക്ലബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2022ൽ ഭാരതം മറ്റൊരു രാജ്യത്തിന്റെയും സഹായമില്ലാതെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ശ്രദ്ധേയമായ പദ്ധതിയാണ് ഗഗൻയാൻ ദൗത്യം. ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ഭാരതത്തിന്റെ ആദ്യപടിയായാണ് ഗഗൻയാൻ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഐ.ടി ക്ലബ്, ശ്രീ മഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി, ഓം ഫൗണ്ടേഷൻ, വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർക്ക് സ്വീകരണം നൽകി. 'യുവർ ലൈഫ്, ഔവർ ഇൻസ്പിരേഷൻ' എന്ന പ്രഭാഷണ പരമ്പരക്ക് ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർ തുടക്കം കുറിച്ചു. മാനേജിംഗ് കമ്മറ്റി ചെയർമാൻ ടി ആർ എസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം ഹരിവർമ്മ രാമവർമ്മ, നവകുമാരൻ നായർ, മാനേജർ ബി മായ ,വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് , പ്രൊഫ: ലീനാ നായർ , കെ കെ ബേബി , പി ജി എം നായർ , അനൂപ് എം എ ,ആദർശ് എം നായർ, ഗീതു , ഹരികൃഷ്ണൻ പി ആർ എന്നിവർ പ്രസംഗിച്ചു. ബഹിരാകാശ രംഗത്തെ ഭാരതത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന പ്രദർശനവും നടന്നു.