വൈക്കം: ഇന്നിന്റെ നിറവും നാളെയുടെ പ്രതീക്ഷകളുമായി ഭക്തിലഹരിയിൽ ശ്രീമഹാദേവന് നിറ പുത്തരി.
ഇല്ലി, നെല്ലി, ചൂണ്ട, കടലാടി, ആലില, മാവില, പ്ലാവില, ഇലഞ്ഞി, വെള്ളിപ്പാല, കരിക്കൊടി തുടങ്ങിയ പത്തുതരം ഇലകൾ ചേർത്ത് ഒരുക്കിയ കതിർക്കുലകൾ ദേവസ്വം അഡ്മിനിസ്ട്റേറ്റിവ് ഓഫിസർ ശ്രീപ്രസാദ്. ആർ.നായരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് മുൻ വശമുള്ള വ്യാഘ്രപാദ ആൽത്തറയിലെത്തിച്ചു. ആചാരപ്രകാരം മേൽശാന്തി ടി. ഡി. നാരായണൻ നമ്പൂതിരി ദീപം തെളിച്ച് നാളികേരമുടച്ച് കതിർക്കറ്റകളിൽ വിശേഷാൽ പൂജകൾ നടത്തി. ഓട്ടുരുളിയിലാക്കിയ കതിർക്കുലകൾ ശിരസ്സിലേറ്റിയ മേൽശാന്തി ഇടതു കൈയിലെ മണി കിലുക്കി അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി മണ്ഡപത്തിലെത്തിച്ചു. മണ്ഡപത്തിൽ വച്ച് ഐശ്വര്യ ദേവതയെ സങ്കൽപ്പിച്ച് പൂജകൾ നടത്തി കതിർക്കുലകൾ വൈക്കത്തപ്പന്റെ ശ്രീകോവിലിലും തുടർന്ന് ഉപദേവതമാർക്കും സമർപ്പിച്ചു. പിന്നീട് നിറകതിരുകൾ ദക്തർക്ക് പ്രസാദമായി നല്കി. വൈക്കത്തപ്പന് പുന്നെല്ലു കൊണ്ടുള്ള നിവേദ്വവും നടത്തി. നിറ പുത്തരിക്ക് ആവശ്യമായ കതിരുകൾ തമിഴ്‌നാട്ടിൽ നിന്നാണ് എത്തിച്ചത്. കാർഷികാഭിവൃദ്ധിക്കും കുടംബ ഐശ്വര്യത്തിനും വേണ്ടി ഇല്ലം നിറ, വല്ലം നിറ, കൊല്ലം നിറ മന്ത്റോച്ചാരണങ്ങളോടെ നടക്കുന്ന ചടങ്ങാണ് നിറയും പുത്തരിയും.