കോട്ടയം : സുപ്രീം കോടതി വിധി ഒരാഴ്‌ചയ്‌ക്കകം നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് ഹർജി നൽകുമെന്ന മുന്നറിയിപ്പുമായി സർക്കാരിനെ മുൾമുനയിൽ നിറുത്തി ഓർത്തഡോക്‌സ് സഭ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഓർത്തഡോക്സ് സഭയ്‌ക്ക് വിറളി പിടിച്ചെന്ന പരിഹാസവുമായി യാക്കോബായ സഭയും രംഗത്തെത്തി. സഭാകേസിൽ 'ന്യൂട്രൽ കളി ' തുടർന്ന സർക്കാർ ഇതോടെ പ്രതിരോധത്തിലായി.
ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് തർക്കം പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാരിന് ഓർത്തഡോക്‌സ് സഭയുടെ അന്ത്യശാസനം തിരിച്ചടിയായി. ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വിധി നടപ്പാക്കുന്നത് ക്രമസമാധാന പ്രശ്നമാകുമെന്നത് സർക്കാരിനെ വിഷമവൃത്തത്തിലാക്കുന്നു.
ചീഫ് സെക്രട്ടറി ടോംജോസിന് ഓർത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ നൽകിയ കത്തിൽ ആഗസ്റ്റ് 14നുള്ളിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാണ് ആവശ്യം. ക്രമസമാധാനം തകരുമെന്ന പുകമറ സൃഷ്ടിച്ച് സർക്കാർ ചർച്ച നീട്ടുകയായിരുന്നു. തങ്ങൾ നിയമത്തിന് മുകളിലാണെന്ന ഭാവമാണ് ചില ഉദ്യോഗസ്ഥർക്കും സർക്കാരിനും. ഇനി ചർച്ചകൾക്കില്ല. സർക്കാരിന്റെ ഉപസമിതി കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കത്തിൽ പറയുന്നു.
1934ലെ സഭാഭരണഘടന പ്രകാരം എല്ലാ പള്ളികളും ഓർത്തഡോക്‌സ് സഭയ്ക്ക് അവകാശപ്പെട്ടതാണെന്നാണ് സുപ്രീം കോടതിവിധി. അത് നടപ്പാക്കാതെ സർക്കാർ യാക്കോബായ സഭയ്‌ക്ക് സഹായകമായ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് ഓർത്തഡോക്‌സ് സഭ ഇടഞ്ഞത്. സർക്കാരാകട്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇരുവിഭാഗത്തെയും പിണക്കാതെയുള്ള 'ന്യൂട്രൽ' നിലപാടിലായിരുന്നു. വിധി നടപ്പാക്കാത്തതിന് സുപ്രീം കോടതി സർക്കാരിനെ വിമർശിച്ചതോടെയാണ് ഓർത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചത്.
മുഴുവൻ പള്ളികളും ഓർത്തഡോക് സഭയ്ക്കു വിട്ടു കൊടുത്ത സുപ്രീം കോടതി വിധി സർക്കാർ നടപ്പാക്കണം. അതിന് പൊലീസ് സംരക്ഷണം നൽകണം. വിധി നടപ്പാക്കിയില്ലെങ്കിൽ നിയമപരമായി നേരിടും.
- മാർത്തോമ്മ പൗലൂസ് ദ്വിതീയൻ കാതോലിക്ക ബാവ,
ഓർത്തഡോക്‌സ് സഭ മേലദ്ധ്യക്ഷൻ.
ചർച്ചയ്‌ക്ക് തയ്യാർ
യാക്കോബായ സഭയുടെ സ്വത്ത് ആർക്കും വിട്ടു കൊടുക്കില്ല. പൊലീസിനെ വരുതിയിലാക്കാൻ ഓർത്തഡോക്സ് സഭ വെല്ലുവിളിക്കുകയാണ്. സർക്കാർ മുൻ കൈയെടുത്തുള്ള അനുരഞ്ജന ചർച്ചയ്ക്ക് ഇനിയും ഞങ്ങൾ തയ്യാറാണ് .
- ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ,
യാക്കാബായ സഭ മേലദ്ധ്യക്ഷൻ.
.