പാലാ : ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കിടങ്ങൂർ സൗത്ത് ഉത്തമേശ്വരം ഭാഗത്തുണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ കനത്ത നാശം. വീടുകൾ തകർന്നു, വ്യാപകമായ കൃഷി നശിച്ചു. ഉത്തമേശ്വരം സതീഷ് ഭവനിൽ സതീശൻ നായർ, മംഗലത്ത് എബ്രഹാം,ചാക്യാർകുളങ്ങര തോമസ്, മധുരിമയിൽ മോഹൻകുമാർ എന്നിവരുടെ വീടുകൾക്ക് ഭാഗികമായ നാശവും വൻകൃഷി നാശവുമുണ്ടായി. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ സതീശൻ നായരുടെ വീട്ടിലേക്ക് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കാറ്റിന്റെ രൂപത്തിൽ പ്രകൃതിയുടെ വികൃതി വീണ്ടും എത്തി. കൂറ്റൻ തേക്കുമരം വീടിനു മുകളിലേയ്ക്ക് വീണു. മരം ഒടിഞ്ഞു വരുന്ന ശബ്ദം കേട്ട് സതീശൻ നായരും കുടുംബവും ഓടി വീടിന്റെ ചിമ്മിനിയ്ക്കുള്ളിൽ അഭയം പ്രാപിച്ചതിനാൽ രക്ഷപ്പെട്ടു.
മംഗലത്ത് എബ്രഹാമിന്റെ വീടിനു മുകളിലേക്ക് മറിഞ്ഞ കൂറ്റൻ തേക്കുമരം വീടിനും സമീപമുള്ള കാർഷെഡിൽ കിടന്ന കാറിനും
കേടുപാടു വരുത്തി. ചാക്യാർകുളങ്ങര വീട്ടിലെ തോമസിന്റെ കാർഷെഡിന് മുകളിലേക്ക് മരം വീണ് കാറിന് കേടുപാടുകൾ പറ്റി. മധുരിമ മോഹൻ കുമാറിന്റെ കപ്പ, ഏത്തവാഴകൃഷികൾ പൂർണമായും നശിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ വീണതോടെ വൈദ്യുതിബന്ധം പൂർണമായും നിലച്ചു. ഇതോടെ ആളുകൾക്ക് പുറത്തേക്കിറങ്ങാൻ പോലും പറ്റാതായി. ഇടറോഡിൽ ഗതാഗതം തടസപ്പെടുത്തി വീണ കൂറ്റൻ താന്നിമരം പാലായിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണ് മുറിച്ചു മാറ്റിയത്. കൂറ്റൻ തേക്കുമരങ്ങളും,റബർ, കപ്പ, വാഴ കൃഷികളും കാറ്റിന്റെ താണ്ഡവത്തിൽ നിലംപൊത്തി. റവന്യൂ അധികാരികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നാശനഷ്ടണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.