car

പൊലീസും മോട്ടോർ വാഹന വകുപ്പും റോഡു സുരക്ഷാ മാസം ആഘോഷമാക്കുമ്പോഴും നിരത്തിൽ അപകടങ്ങളുടെ ഘോഷയാത്ര തുടരുകയാണ്. വഴിയേ പോകുന്നവരെ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന എളുപ്പപ്പണി കൊണ്ടു മാത്രം പരിഹരിക്കാവുന്നവയാണോ നിരത്തിലെ പ്രശ്നങ്ങൾ? മുപ്പതു ദിവസം ഇനം തിരിച്ചു പരിശോധന നടത്തുന്ന പൊലീസ് ബുദ്ധി മാത്രം പോരാ അപകടങ്ങൾ കുറയ്ക്കാനെന്ന് ഒരോ ദിനവും തെളിയിക്കുന്നു. ഇതാ ചങ്ങനാശേരിയുടെ ഉദാഹരണം

ചങ്ങനാശേരി: ചങ്ങനാശേരി റെയിൽവേ ജംഗ്ഷനു മുന്നിൽ ഒരൊറ്റ ദിവസം ഉണ്ടായത് നാല് അപകടങ്ങളാണ്. ഇവയിലൊന്നും മരണമുണ്ടായില്ലെന്നത് ഭാഗ്യം. എന്നാൽ യാത്രക്കാർക്ക് പരിക്കേൽക്കുകയും ലോറികൾ ഇടിച്ചതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും പോസ്റ്റ് അപകടാവസ്ഥയിലാവുകയും ചെയ്തു. നഗരത്തിലെങ്ങും വൈദ്യുതി തടസവും നേരിട്ടു.

എല്ലാ ദിവസവുമെന്ന പോലെ ഇവിടെ അപകടങ്ങളുണ്ടാകുന്നു. കഴിഞ്ഞ ദിവസം വാഹനം പോസ്റ്റിലിടിച്ചതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ നന്നാക്കിയതേയുള്ളൂ. ഒരു ദിവസം പിന്നിടുംമുൻപാണ് വീണ്ടും പോസ്റ്റ് ഇ‌ടിച്ചു തകർത്തത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചതാണ് അപകടങ്ങളുടെ തുടക്കം . കാറിലുണ്ടായിരുന്ന കൂനന്താനം സ്വദേശികളായ അനൂപ് , ആകാശ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെ കോഴിവണ്ടി പോസ്റ്റിലിടിച്ചു. അധികസമയം പിന്നിടുന്നതിനു മുൻപേ ഒരു മീൻവണ്ടിയും പോസ്റ്റിലിടിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ പൂവം പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷായിൽ തട്ടി അപകടമുണ്ടായി. ഓട്ടോറിക്ഷാ ഡ്രൈവർ പറവൂർ രമ്യാ നിവാസിൽ അശോകൻ (38), പൂവം സ്വദേശി സുനിത (32) എന്നിവർക്ക് പരിക്കേറ്റു.


അശാസ്ത്രീയമായ റോഡ്

അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്കു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. റെയിൽവേ ബൈപ്പാസ് റോഡിൽ റെയിൽവേ ജംഗ്ഷനിലെ വളവിലാണ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. വളവിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് റോഡിലേക്ക് ഇറക്കിയാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങൾ കാണാൻ സാധിക്കാതെ വരുന്നു. ബൈപ്പാസ് റോഡായതിനാൽ വേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്.

റോഡരികിലെ പാർക്കിംഗ്

റെയിൽവേ റോഡിലെ അനധികൃത പാർക്കിംഗും റോഡിലേക്കു ഇറങ്ങി നില്ക്കുന്ന തണൽമരങ്ങളും അപകടത്തിനിടയാക്കുന്നു. നിയന്ത്രണംവിട്ട് വരുന്ന വാഹനങ്ങൾ മരത്തിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലുമാണ് കൂടുതലായും ഇടിക്കുന്നത്.

വഴിവിളക്കുകളില്ല

റെയിൽവേ ബൈപ്പാസ് റോഡിൽ വഴിവിളക്കുകൾ അണഞ്ഞിട്ട് നാളുകളേറെയായി. ഈ ഭാഗത്തെ ഇരുട്ടും അപകടങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുന്നു. സോളാർലൈറ്റ് സ്ഥാപിക്കാനായി നാട്ടിയ പോസ്റ്റുകൾ ഇന്നും നോക്കുകുത്തിയായി നിലനില്ക്കുന്നു.

തെരുവ് നായ ശല്യം

തെരുവ് നായശല്യം ഇവിടെ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. തെരുവ് നായ്ക്കൾ വാഹനങ്ങളുടെ കുറുകെ ചാടുന്നതും അപകടത്തിനിടയാക്കുന്നു. ഇത്തരത്തിൽ അപകടത്തിൽ പെടുന്നത് കൂടുതലും ബൈക്ക് യാത്രക്കാരാണ്.