കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും നടത്തിന്റെ പണം കിട്ടിയില്ലെന്ന് കോട്ടയം താലൂക്കിലെ വില്ലേജ് ഒാഫീസർമാർ. ബൂത്ത് ഒരുക്കുന്നത് മുതൽ പോളിംഗ് ഓഫീസർമാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകുന്നതു വരെയുള്ള ഉത്തരവാദിത്വം വില്ലേജ് ഒാഫീസർമാർക്കായിരുന്നു. 1400 രൂപ മാത്രമാണ് ഓരോ ബൂത്ത് ക്രമീകരിക്കുന്നതിനും അനുവദിച്ചത്. അഡ്വാൻസ് 400 രൂപയും നൽകി. എന്നാൽ, ഇതിന്റെ നാലിരട്ടി ചെലവായെന്ന് വില്ലേജ് ഒാഫീസർമാർ പറയുന്നു. മോഡൽ ബൂത്തുകളിൽ വോട്ടർമാർക്ക് വിശ്രമിക്കാൻ പന്തലും കസേരയും അടക്കമുള്ളവ ക്രമീകരിക്കണമായിരുന്നു. ഇതിനുള്ള തുകയും ഇലക്ഷൻ വിഭാഗത്തിൽ നിന്നു കിട്ടിയില്ല.
കാലതാമസം താലൂക്കിൽ
ബിൽ നേരത്തെ തന്നെ അയച്ചു കൊടുത്തുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. എന്നാൽ, ശമ്പളം സ്‌പാർക്ക് സോഫ്റ്റ് വെയറിലൂടെ വിതരണം ചെയ്യുന്നതിനാൽ ഈ മാസം പത്തിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ് ചെലവുകൾ നൽകാൻ സാധിക്കൂവെന്ന് താലൂക്ക് ഓഫീസ് അധികൃതർ അറിയിച്ചു.