പാലാ : സാഹിത്യ ലോകത്ത് കഴിഞ്ഞ അരനൂറ്റാണ്ടായി ശ്രദ്ധേയ സംഭാവനകളുമായി നിലകൊള്ളുന്ന പാലാ സഹൃദയ സമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വെട്ടൂർ രാമൻ നായർ ജന്മശതാബ്ദി സമ്മേളനം 10 ന് നടക്കും. പാലാ മുനിസിപ്പൽ ടൗൺ ഹാളിലെ വെട്ടൂർ രാമൻ നായർ നഗറിൽ നടക്കുന്ന സമ്മേളനം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. സഹൃദയ സമിതി പ്രസിഡന്റ് രവി പാലാ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ, കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ, പ്രൊഫ. ആർ.എസ്. വർമ്മജി എന്നിവർ പ്രഭാഷണം നടത്തും. വെട്ടൂർ രാമൻ നായരുടെ ജീവിതരേഖ സാഹിത്യകാരി ഡി.ശ്രീദേവി അവതരിപ്പിക്കും. വെട്ടൂർ സ്മാരക യുവകഥാ പുരസ്കാരം ആർ. പ്രഗിൽ നാഥിന് സി.ആർ.ഓമനക്കുട്ടൻ സമ്മാനിക്കും. സമിതിയുടെ മുൻ ഭാരവാഹികളേയും മുതിർന്ന അംഗങ്ങളേയും സ്വാഗതസംഘം ചെയർമാൻ ജോർജ് കുളങ്ങര ആദരിക്കും. ചാക്കോ .സി . പൊരിയത്ത്, പി.എസ്.മധുസൂദനൻ, ജോസ് മംഗലശ്ശേരി എന്നിവർ പ്രഭാഷണം നടത്തും.
വൈകിട്ട് 4 ന് നടക്കുന്ന സുവർണജൂബിലി സമാപന സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജോർജ് കുളങ്ങര അദ്ധ്യക്ഷത വഹിക്കും. സഹൃദയ സമിതി സുവർണ ജൂബിലി മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി പാലാ ലേഖകൻ സുനിൽ പാലായ്ക്ക് മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ സമ്മാനിക്കും. സുവർണ ജൂബിലി ഭാഗമായി നടത്തിയ വിവിധ മത്സര വിജയികൾക്ക് നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ സമ്മാനങ്ങൾ വിതരണം ചെയ്യും. കെ.എൻ.സുകുമാരൻ നായർ സ്മാരക യുവ കവിതാ പുരസ്‌കാരം ആര്യാ ഗോപിക്ക് , ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിക്കും. കഥാകൃത്ത് അയ്മനം ജോൺ, കവയത്രി ആര്യാംബിക, രവി പുലിയന്നൂർ, എലിക്കുളം ജയകുമാർ എന്നിവർ പ്രഭാഷണം നടത്തും.