തലയോലപ്പറമ്പ്: പെരുവ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഡിറ്റോറിയത്തിന്റെ ചോർച്ചയും നിർമ്മാണത്തിലെ അപാകതകളും വിജിലൻസ് അന്വേഷിക്കും. പൊതുപ്രവർത്തകനായ പെരുവ തകര കണ്ടത്തിൽ ടി.എം സദൻ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് നടപടിയായത്. പരാതി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പിക്ക് കൈമാറി. നാല് വർഷം മുൻപ് അഡ്വ.മോൻസ് ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. സ്കൂൾ അധികൃതരോട് ആലോചിക്കാതെയാണ് കരാറുകാരൻ നിർമ്മാണം നടത്തിയതെന്ന് പരാതിയുണ്ട്. നിർമ്മാണ സമയത്ത് അപാകതകൾ ചൂണ്ടിക്കാട്ടിയെങ്കിലും കരാറുകാരൻ മുഖവിലയ്ക്കെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. ശിലാഫലകം മറച്ച് വച്ച് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം രഹസ്യമായിട്ടാണ് നടത്തിയതെന്നും ആരോപണമുണ്ട്. മേൽക്കൂരയിൽ നിന്നും വീഴുന്ന വെള്ളം ഒഴുകിപോകുവാൻ വച്ച പാത്തി ദ്റവിച്ചതിനെത്തുടർന്ന് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഓഡിറ്റോറിയം ചോർന്നൊലിക്കാൻ തുടങ്ങിയിരുന്നു. ഓഡിറ്റോറിയത്തിന്റെ എല്ലാ ഭാഗത്തും ഇപ്പോൾ ചോർച്ചയുണ്ട്. തറയിൽ ഇട്ടിരിക്കുന്ന ടൈലുകളും ഇളകിയ നിലയിലാണ്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതും നിർമ്മാണ പിഴവുമാണ് ഓഡിറ്റോറിയം ഇത്രവേഗം തകരാൻ കാരണമായതെന്നാണ് ആക്ഷേപം. 420ൽപ്പരം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ തായ്‌ക്കോണ്ട, കരാട്ടേ, യോഗ പരിശീലനങ്ങളും സ്‌കൂളിന്റെ മറ്റു പൊതുപരിപാടികളും ഈ ഓഡിറ്റോറിയത്തിലാണ് നടത്തിയിരുന്നത്. എന്നാൽ ഓഡിറ്റോറിയത്തിന്റെ ശോചനീയാവസ്ഥ മൂലം പരിപാടികളൊന്നും നടത്താൻ കഴിയുന്നില്ല. ഓഡിറ്റോറിയം നിർമ്മിച്ച കരാറുകാരനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.