കോട്ടയം: വേമ്പനാട്ടുകായലിലെ മാലിന്യത്തെക്കുറിച്ച് ശാസ്ത്രീയമായ ഗവേഷണം ആരംഭിച്ചു. പല പഠനങ്ങളും ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും ഉപഗ്രഹ മാപ്പിംഗിലൂടെയുള്ളത് ഇതാദ്യമാണ് .

കോട്ടയം,ആലപ്പുഴ, എറണാകുളം ജില്ലകളിലെ പതിനാറ് കോളേജുകളിൽ നിന്നുള്ള 250 വിദ്യാർത്ഥികളാണ് വേമ്പനാട്ടുകായലിലെ വിവരങ്ങൾ ശേഖരിക്കാനിറങ്ങിയിരിക്കുന്നത്.

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതപ്രയോഗത്താൽ മാലിന്യ വാഹിനിയായാണ് വേമ്പനാട്ടുകായൽ അറിയപ്പെടുന്നത്. പമ്പ, അച്ചൻ കോവിൽ ,മണിമല, മീനച്ചിലാർ എന്നിവയിലൂടെയും കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമുള്ള തോടുകളിലൂടെയും വയലുകളിലൂടെയും മാലിന്യങ്ങൾ ഒഴുകിയെത്തുന്നു. ആയിരത്തിലേറെ ഹൗസ് ബോട്ടുകളിൽ നിന്നു പുറംതള്ളുന്ന കക്കൂസ് മാലിന്യമാണ് മറ്റൊന്ന്. ടൂറിസ്റ്റു കേന്ദമായി വളർന്നതോടെ വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യവും അടിയുന്നു. കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും പതിന്മടങ്ങാണ്. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കാൻസർ രോഗികളും കൂടുതലാണ്. ഇതിനെക്കുറിച്ച് സമഗ്രവും ശാസ്ത്രീയവുമായ പഠനം ഇതു വരെ നടക്കാത്ത സാഹചര്യത്തിലാണ് ഉപഗ്രഹമാപ്പിംഗ് നടത്തുന്നത്.

പലവിധ രോഗകാരികളായ വിബ്രിയോ ബാക്ടീരിയകൾ അടക്കമുള്ള സൂക്ഷ്മ ജീവികളുടെയും വെള്ളത്തിലെ മറ്റു ഘടകങ്ങളുടെയും സാന്നിദ്ധ്യം വേമ്പനാട്ടു കായലിൽ ഏതൊക്കെ പ്രദേശങ്ങളിലാണ് കൂടുതലായുള്ളത് , ഇതിന് കാരണമെന്താണ്. തുടങ്ങിയവ റിമോർട്ട് സെൻസിംഗ് വിദ്യ ഉപയോഗിച്ച് കണ്ടെത്തുന്നതാണ് പദ്ധതി. കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ ) ആണ് വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.

ഗവേഷണ പദ്ധതി

വിവിധ ഭാഗങ്ങളിൽ നിന്ന് സെക്കി ഡിസ്കുകൾ വഴി വെള്ളത്തിന്റെ നിറ വ്യത്യാസം ശേഖരിക്കും.

 സ്ഥലത്തെ ചിത്രങ്ങളും പകർത്തും. ഇവ വിദ്യാർത്ഥികൾ മൊബൈൽ ആപ്പ് വഴി പങ്കുവെക്കും.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപഗ്രഹമാപ്പിംഗുമായി ഒത്തു നോക്കി കൂടുതൽ വ്യക്തത വരുത്തും .

ഭാവിയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് വിബ്രിയോ ബാക്ടീരിയ കൂടുതലുണ്ടാവുകയെന്ന് വിലയിരുത്തും

ഇന്തോ-യു.കെ. സംയുക്ത പദ്ധതികളുടെ ഭാഗമായാണ് കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനം (സി.എം.എഫ് ആർ.ഐ) , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫ്, (എൻ.ഐ.ഒ) നാൻസൻ എൻവയൺമെന്റൽ റിസർച്ച് സെന്റർ ഇന്ത്യ (നെ‌‌ർസി) പ്ലീമെത്ത് മറൈൻ ലബോറട്ടറി (യു.കെ.) എന്നിവർ സംയുക്തമായാണ് വേമ്പനാട്ട് കായലിൽ ഗവേഷണം നടത്തുന്നത്. അടുത്ത ഘട്ടത്തിൽ നാട്ടുകാരെയും മത്സ്യ -കക്ക വാരൽ തൊഴിലാളികളെയും സന്നദ്ധ പ്രവർത്തകരെയും പങ്കാളികളാക്കും.

ഡോ.എ. ഗോപാലകൃഷ്ണൻ

(ഡയറക്ടർ, സി.എം.എഫ്.ആർ.ഐ )

വിവര ശേഖരണത്തിന്

250

വിദ്യാർത്ഥികൾ