കോട്ടയം: കാലിത്തീറ്റ വില കുതിച്ചുയരുന്നതുകാരണം പ്രതിസന്ധിയിലായെന്ന് ക്ഷീരകർഷകർ. പാൽവില വർദ്ധിപ്പിച്ചും സബ്സിഡി അനുവദിച്ചും സഹായപാക്കേജുകൾ നടപ്പാക്കിയും സർക്കാർ സഹായിച്ചില്ലെങ്കിൽ കേരളത്തിന്റെ ക്ഷീരവ്യവസായം വിസ്മൃതിയിലാകുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് അവസാനമായി പാൽവില വർദ്ധിപ്പിച്ചത് 2017 ൽ ആണ്. അന്നത്തേതിൽ നിന്ന് കാലിത്തീറ്റയുടെ വില ചാക്കിന് 400 രൂപ വർദ്ധിച്ചു. ഇനിയും വില കൂടുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കർഷകർക്കും ക്ഷീരസംഘങ്ങൾക്കും പിടിച്ചുനിൽക്കാനാവില്ല. അതിനിടെ വിവിധ കമ്പനികളുടെ പേരിൽ അന്യസംസ്ഥാനത്തുനിന്ന് ഗുണമേന്മയില്ലാത്ത പാൽ വിതരണം ചെയ്യുന്നതും കേരളത്തിലെ ക്ഷീരവ്യവസായത്തിന് തിരിച്ചടിയാണ്. പ്രതിസന്ധി മറികടക്കാൻ പാലിന്റെ ഗുണനിലവാരം അനുസരിച്ച് വില പുതുക്കി നിശ്ചയിക്കുകയും ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ ക്ഷീരസംഘം ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.
കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ
പൊതുമേഖല കാലിത്തീറ്റ കമ്പനിക്ക് സബ്സിഡി നൽകുക
ക്ഷീരവികസന വകുപ്പിന്റെ പ്രവർത്തനം ഫലപ്രദമാക്കുക
ബ്ലോക്കിൽ മുഴുവൻ സമയം മൃഗഡോക്ടറുടെ സേവനം
ക്ഷീരസംഘം ജീവനക്കാർക്കുള്ള ശമ്പളം സർക്കാർ നൽകുക
പാൽ അളക്കുന്നവർക്ക് 10 രൂപയെങ്കിലും ഡി.ബി.ടി.നൽകുക.
ഒരുചാക്ക് കാലിതീറ്റയുടെ വില
2017ൽ 950 രൂപ
2019ൽ 1350 രൂപ
2017 മുതൽ ഒരു ലിറ്റർ
പാലിന് കർഷകർക്ക്
ലഭിക്കുന്നവില 33.04
ക്ഷീരമേഖല നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും മന്ത്രി കെ. രാജുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ശ്രമിച്ചാൽ നടപ്പാക്കാവുന്ന നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. അനുകൂല സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
- ജോഷി മാത്യു, പ്രസിഡന്റ്, ക്ഷീരസംഘം ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി