പാലാ : കെ.എം. മാണിയെപ്പോലുള്ള ഉന്നത നേതാക്കളുടെ സ്മരണ നിലനിറുത്താൻ സ്ഥാപനങ്ങൾക്ക് പേരിടുമ്പോൾ എല്ലാ വിഭാഗം രാഷ്ട്രീയക്കാരുടെയും പിന്തുണ ഉറപ്പാക്കേണ്ടിയിരുന്നുവെന്ന് നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ പറഞ്ഞു. 2014ൽ മാണി ജീവിച്ചിരിക്കെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് കോംപ്ലക്‌സ് അദ്ദേഹത്തിന്റെ നിയമസഭാംഗത്വ സുവർണ ജൂബിലി സ്മാരകമാക്കി പ്രഖ്യാപിച്ചത് ഞാൻ മുനിസിപ്പൽ ചെയർമാനായിരിക്കെയാണ്. അന്ന് പല കാര്യങ്ങളിലും പ്രതിപക്ഷം കടുത്ത ശത്രുതയിലായിരുന്നു. എന്നാൽ ഈ തീരുമാനം അവർ അനുകൂലിച്ചു. ഇത്തരം വിഷയങ്ങളിൽ നയപരമായി ഇടപെട്ടാൽ ഐകകണ്‌ഠേന തീരുമാനങ്ങൾ എടുക്കാനാകും. സ്റ്റേഡിയ വിഷയത്തിൽ ഇതുണ്ടായില്ല. ചില അസൗകര്യങ്ങൾ ഉണ്ടായതിനാലാണ് അന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. താൻ ചെന്നില്ലെങ്കിലും പേരിടീൽ വിഷയം പാസാകുമെന്ന് ഉറപ്പായിരുന്നു. ഞാനിപ്പോഴും മാണി ഗ്രൂപ്പിൽ തന്നെയാണ്. പക്ഷേ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളല്ല. തത്കാലം എങ്ങും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും പടവൻ പറഞ്ഞു.