കോട്ടയം : എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക സ്‌ക്രൂട്ടിണിയുടെ അവസാന ദിനം പലയിടത്തും സംഘർഷം. 16 കോളേജുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി എസ്.എഫ്.ഐ അവകാശപ്പെട്ടപ്പോൾ, സംഘർഷത്തിന്റെ കണക്ക് നിരത്തിയാണ് കെ.എസ്.യുവും എ.ബി.വി.പിയും ഇതിനെ പ്രതിരോധിച്ചു. 34 കോളേജിലേക്കാണ് 14 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മണർകാട് സെന്റ് മേരീസ് കോളേജിലും, കങ്ങഴ പി.ജി.എം കോളേജിലും , കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലും സംഘർഷമുണ്ടായതായി കെ.എസ്.യു ആരോപിച്ചു.

16 സീറ്റിൽ എതിരില്ലെന്ന് : എസ്.എഫ്.ഐ

കങ്ങഴ പി.ജി.എം കോളേജ്, ഡി.ബി കോളേജ് തലയോലപ്പറമ്പ്, പുതുപ്പള്ളി എസ്.എൻ കോളേജ്, എസ്.എൻ കോളേജ് കുമരകം, എം.ഇ.എസ് എരുമേലി, ശ്രീമഹാദേവ കോളേജ് വൈക്കം, ഡി.ബി കോളേജ് കീഴൂർ, വിശ്വഭാരതി ഞീഴൂർ, ഐ.എച്ച്.ആർ.ഡി ഞീഴൂർ, ഹെൻട്രി ബേക്കർ പൂഞ്ഞാർ, മണർകാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ്, സെന്റ് സ്റ്റീഫൻ പാലാ, മാർ കുര്യാക്കോസ് കോളേജ് പാലാ, പുല്ലരിക്കുന്ന് സ്റ്റാസ്, ഏറ്റുമാനൂരപ്പൻ കോളേജ്, ഐ.എച്ച്.ആർ.ഡി കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി എസ്.എഫ്.ഐ അവകാശപ്പെട്ടു.

എസ്.എഫ്.ഐയ്‌ക്ക് കൂട്ട് അദ്ധ്യാപകർ : കെ.എസ്.യു

മണർകാട് സെന്റ് മേരീസ് കോളേജിൽ കെ.എസ്.യു സ്ഥാനാർത്ഥികളെ പൂട്ടിയിട്ടാണ് പത്രിക തള്ളിച്ചത്. നാട്ടകം ഗവ.കോളേജിൽ കെ.എസ്.യു എല്ലാ സീറ്റിലേയ്‌ക്കും മത്സരിക്കുന്നുണ്ട്. കങ്ങഴ പി.ജി.എം കോളേജിൽ എ.ബി.വി.പി - കെ.എസ്.യു സ്ഥാനാർത്ഥികളുടെ പത്രിക പൂർണമായും തള്ളുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ കെ.എസ്.യു സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക കീറിക്കളഞ്ഞതിനെ തുടർന്ന് തിരഞ്ഞെടുപ്പ് സസ്‌പെൻഡ് ചെയ്‌തതായും ജില്ലാ പ്രസിഡന്റ് ജോർജ് പയസ് പറഞ്ഞു.