കടുത്തുരുത്തി: ബൈക്കിൽ സഞ്ചരിക്കവെ തലയോലപ്പറമ്പ് കരിപ്പാടം കണ്ണന്തറയിൽ ബദറുദ്ദീന്റെ മകൻ ബനാസറുദ്ദീൻ (42) ലോറിയിടിച്ച് മരിച്ചു. വരിയ്ക്കാംകുന്ന് കേരളാ ഹിന്ദു മിഷൻ എ .പി. സ്‌കൂളിലെ അദ്ധ്യാപകനാണ്.
കടുത്തുരുത്തി വലിയ പാലത്തിന്റെ സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ടി.ടി.സി.യ്ക്ക് പഠിക്കുന്ന മകളുടെ പി.ടി.എ. യോഗത്തിൽ പങ്കെടുക്കാൻ ഏറ്റുമാനൂർക്ക് പോവുകയായിരുന്നു. ബനാസറുദ്ദിൻ. ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചുപോയതോടെ ഓടയിലെ സ്ലാബിൽ ബനാസറുദ്ദീന്റെ തല ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിന്റെ അരികിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലും ലോറി ഇടിച്ചു. അപകടത്തിനുശേഷം നിർത്താതെപോയ ലോറി കുറുപ്പന്തറയ്ക്ക് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബനാസറുദ്ദീൻ 2017- ജില്ലയിലെ മികച്ച കബ് മാസ്റ്റർക്കുള്ള പുരസ്‌ക്കാരത്തിന് അർഹനായിട്ടുണ്ട്. ഭാര്യ: നിസ., മക്കൾ: ഹാഷ, ഫാത്തിമ. ഖബറടക്കം ഇന്ന് 12-ന് കരിപ്പാടം മുഹമ്മദീയൻ ജുമാമസ്ജിദിൽ .