കോട്ടയം: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ ജില്ല ഫുട്പാത്ത് മർച്ചന്റ്സ് യൂണിയന്റെ ( ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയീറുടെ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. വഴിയോരക്കച്ചവടക്കാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി തിരിച്ചറിയൽ കാർഡ് നൽകി സംരക്ഷിക്കണമെന്ന പാർലമെന്റിന്റെയും സുപ്രീംകോടതിയുടേയും നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് കോട്ടയത്ത് ഒഴിപ്പിക്കൽ നീക്കം നടക്കുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്ത ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. വഴിയോരക്കച്ചവടക്കാർക്കായി ജില്ലതല നോഡൽ ഓഫീസ് ആരംഭിച്ച് പരിഹാരസമിതി രൂപീകരിക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശവും കോട്ടയത്ത് നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി കെ.എ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. നന്തിയട് ബഷീർ, എൻ.എസ്. ഹരിശ്ചന്ദ്രൻ, പി.വി. പ്രസാദ്, മോഹൻദാസ് ഉണ്ണിമഠം പി.എച്ച്.അഷറഫ്, കെ.വി. ദാസ്, ടി.സി. റോയി, തോമസ് പുളിക്കാപ്പള്ളി, ജോസുകുട്ടി നടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.